ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ബന്ധമാക്കിയ ത്രിഭാഷ നയത്തെ എതിര്‍ത്ത തമിഴ്‌നാട് സര്‍ക്കാരിനെതിരെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തെ വിവാദമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷയെയും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഇംഗ്ലീഷിനും തമിഴിനും പുറമെ മിക്ക സ്‌കൂളുകളിലും മലയാളം, തെലുങ്ക്, ഉറുദു, കന്നഡ എന്നീ ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മൂന്നാമതൊരു ഭാഷ പഠിപ്പിക്കുന്നതില്‍ എന്താണ് പ്രശ്‌നം?
ഇത് തമിഴ്‌നാടിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
‘ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ രണ്ട് ഭാഷ പഠിപ്പിക്കുന്നുണ്ട്. ആറ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മൂന്ന് ഭാഷകള്‍ വരെ പഠിപ്പിക്കുന്നു.
ഒരു മാതൃഭാഷയും ബാക്കി രണ്ടെണ്ണം വിദ്യാര്‍ത്ഥികള്‍ക്കിഷ്ടപ്പെട്ട ഭാഷയുമാണ് പഠിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷക്ക് വേണ്ടിയും നിര്‍ബന്ധിക്കുന്നില്ല. ഇതിനെ എതിര്‍ക്കുന്നതിനുള്ള കാരണം രാഷ്ട്രീയം മാത്രമാണ്’, പ്രധാന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഹിന്ദിയോ മറാത്തിയോ ഇംഗ്ലീഷോ വേണമെങ്കില്‍ തമിഴ് പോലും തെരഞ്ഞെടുക്കാമെന്നും മന്ത്രി ഉദാഹരണമായി പറഞ്ഞു.
ഇത്തരത്തില്‍ എല്ലാ സംസ്ഥാനങ്ങളും സൗകര്യമൊരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തെലുങ്കരായ കുട്ടികള്‍ കുറഞ്ഞത് പത്ത് ഭാഷകളെങ്കിലും പഠിക്കണമെന്നാണ് ചന്ദ്രബാബു നായിഡു ഒരിക്കല്‍ പറഞ്ഞതെന്നും ഇതിലൂടെ ആഗോളതലത്തിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു.
‘തമിഴ്‌നാട്ടിലെ ജനങ്ങള്‍ അവരുടെ ഭാഷയെ സ്‌നേഹിക്കുന്നു. എന്റെ നാട് ഒഡിയയാണ്. ഞാന്‍ എന്റെ ഭാഷയെയും സ്‌നേഹിക്കുന്നുണ്ട്. പക്ഷെ, മറ്റ് ഭാഷകളെയും ബഹുമാനിക്കുന്നുണ്ട്’, മന്ത്രി പറഞ്ഞു.
ഭാഷാടിസ്ഥാനത്തില്‍ വിഭജനത്തിന് ശ്രമിക്കുന്നവര്‍ പരാജയപ്പെടുകയാണ്. സമൂഹം അവരെ കടന്ന് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
2020ല്‍ കേന്ദ്രം കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയപ്രകാരം വിദ്യാര്‍ത്ഥികള്‍ മൂന്ന് വ്യത്യസ്ത ഭാഷകള്‍ പഠിക്കണമെന്ന് നിര്‍ദേശിക്കുന്നു. ഇതില്‍ ഒന്ന് മാതൃഭാഷ അല്ലെങ്കില്‍ പ്രാദേശിക ഭാഷയായിരിക്കണം.
രണ്ടാമത്തെ ഭാഷ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയായിരിക്കണമെന്ന് നിബന്ധനയുണ്ട്.
മൂന്നാമത്തെ ഭാഷയായി ഇംഗ്ലീഷ് അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ മോഡേണ്‍ ഭാഷയോ അല്ലെങ്കില്‍ ഫ്രഞ്ച്, കൊറിയന്‍ പോലെയുള്ള ഭാഷയോ വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്.
അതേസമയം, തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ഈ പുതിയ നയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ ഈ നിബന്ധന തമിഴ്‌നാട്ടില്‍ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏത് മൂന്നാം ഭാഷയാണ് നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Content Highlight: Union Minister Dharmendra Pradhan criticizes Tamil Nadu for not accepting three language policy