| Sunday, 1st February 2026, 2:17 pm

ട്രംപിന്റെ താരിഫ് യുദ്ധത്തിന് കീഴടങ്ങിയ ബഡ്ജറ്റ്; കേരളത്തിന് നിരാശയെന്ന് ധനമന്ത്രി

അനിത സി

തിരുവനന്തപുരം: കേന്ദ്രബജറ്റ് നിരാശജനകമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളം പ്രതീക്ഷിച്ചതൊന്നും നല്‍കിയില്ല. കേന്ദ്ര ബഡ്ജറ്റില്‍ നിറഞ്ഞുനിന്നത് ടാക്‌സ് മാത്രമായിരുന്നു. മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ താത്പര്യത്തേക്കാള്‍ വിദേശതാത്പര്യങ്ങളാണ് ബഡ്ജറ്റില്‍ നിറഞ്ഞുനിന്നത്. യൂറോപ്യന്‍ യൂണിയന്റെയും യു.എസിന്റെയും താത്പര്യങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ബഡ്ജറ്റിലെ ടാക്‌സ് നിര്‍ദേശങ്ങളെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി.

ട്രംപിന്റെ താരിഫ് യുദ്ധം വന്നതിന് പിന്നാലെ രാജ്യം അവരുടെ താത്പര്യത്തിന് കീഴടങ്ങിയിരിക്കുകയാണ്. വിദേശ യാത്ര നിരക്കും വിദേശ വസ്തുക്കളുടെ വില്‍പനയും മാത്രമാണ് ബഡ്ജറ്റില്‍ കൂടുതലായി പരാമര്‍ശിച്ചതെന്നും ധനമന്ത്രി ചൂണ്ടിക്കാണിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോവാനുള്ളതൊന്നും ബഡ്ജറ്റിലില്ല. രാജ്യത്തിന്റെ റവന്യൂ വരുമാനത്തില്‍ വര്‍ധനവുണ്ടായില്ലെന്നും മന്ത്രി നിരീക്ഷിച്ചു.

എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം ഇപ്പോഴും നിശബ്ദത തുടരുകയാണെന്ന് രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.

അതിവേഗ റെയിലില്‍ കമ എന്നൊരക്ഷരം  കേന്ദ്ര ധനമന്ത്രി മിണ്ടിയില്ല. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രമാണെന്ന് കിട്ടിയതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Content Highlight: Budget succumbs to Trump’s tariff war; Kerala disappointed, says Finance Minister KN Balagopal

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more