| Sunday, 9th May 2021, 1:57 pm

ഫേസ്ബുക്ക് വിലക്കില്‍ സച്ചിദാനന്ദന് ഐക്യദാര്‍ഢ്യവുമായി സുനില്‍.പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കവി സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ സുനില്‍ പി. ഇളയിടം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സച്ചിദാനന്ദന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.

‘സച്ചി മാഷിന് ഐക്യദാര്‍ഢ്യം, സുഹൃത്തുക്കളെ, മലയാളികളുടെ പ്രിയ കവി പ്രൊഫസര്‍ കെ. സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. പ്രതിഷേധിക്കുക,’ എന്ന പ്രതികരണത്തേടൊപ്പം സച്ചിദാനന്ദന്‍ എഴുതിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

ഡി.വൈ.എഫ്.ഐയും സച്ചിദാനന്ദന് പന്തുണയുമായി എത്തിയിരുന്നു. ലോകത്തെവിടെയുമുള്ള സാഹിത്യ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട മഹാ പ്രതിഭയാണ് സച്ചിദാനന്ദന്‍. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അത്രമേല്‍ ഭീഷണി നേരിടുന്നു എന്നതിന്റെ തെളിവാണാണെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞത്.

ഫേസ്ബുക്ക് വിലക്കിനെ തുടര്‍ന്ന് സച്ചിദാനന്ദന്‍ ഇന്നലെ എഴുതിയ കുറിപ്പ്

ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും. രണ്ടും എനിക്ക് വാട്‌സ്ആപ്പില്‍ അയച്ചു കിട്ടിയതാണ്. പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്.

ഏപ്രില്‍ 21ന് ഒരു താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി റെസ് ട്രൈന്‍ ചെയ്യുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു.

മെയ് 7ന്റെ അറിയിപ്പില്‍ പറഞ്ഞത് 24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ്‌ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂര്‍ നേരത്തെയ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു എന്നാണ് പരാതി.

ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഇങ്ങിനെ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ ലാന്‍സെറ്റില്‍ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് ആളുകള്‍ മോശമായി കണ്ടെത്തിയത് താങ്കള്‍ പോസ്റ്റുചെയ്യാന്‍ നിങ്ങള്‍ ശ്രമിക്കുന്നു എന്ന മെസേജ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നു കിട്ടി. ഇതിനര്‍ത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമര്‍ശകര്‍ക്കു പിറകേ ഉണ്ടെന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Sunil P. Ilayidam in solidarity with Sachchidanandan over Facebook ban.

Latest Stories

We use cookies to give you the best possible experience. Learn more