ഏകസിവില്‍ കോഡില്‍ പൊതുജനാഭിപ്രായം തേടിക്കൊണ്ട് നിയമകമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കാനുള്ള മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു.
ന്യൂദല്‍ഹി: ഏകസിവില്‍ കോഡില്‍ പൊതുജനാഭിപ്രായം തേടിക്കൊണ്ട് നിയമകമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കാനുള്ള മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ബോര്‍ഡിന്റെ തീരുമാനം സ്വേച്ഛാതിപത്യപരമാണെന്നും മുത്തലാഖ് നിര്‍ത്തലാക്കണമെന്നാണ് രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരുടെയും ആവശ്യമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വിഷയത്തെ പെഴ്‌സണല്‍ ബോര്‍ഡ് രാഷ്ട്രീയവത്കരിക്കുകയാണെന്നും സ്വന്തം കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വിഷയത്തിലേക്ക് പ്രധാനമന്ത്രിയെ വലിച്ചിഴക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നിയമകമ്മീഷന്റെ ചോദ്യാവലി മാറ്റിനിര്‍ത്തികൊണ്ട് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് ജനാധിപത്യത്തെ തടസപ്പെടുത്തുകയാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.
ബഹുസ്വര സമൂഹമെന്ന നിലയ്ക്ക് ഏകസിവില്‍കോഡ് രാജ്യത്തിന് അനുയോജ്യമല്ലെന്ന് മുസ്‌ലിം ലോ പേഴ്‌സണല്‍ ബോര്‍ഡ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് മോദി അഭ്യന്തര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാജ്യത്തെ മുസ്‌ലിംങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും പെഴ്‌സണല്‍ ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞിരുന്നു.