| Friday, 7th August 2026, 12:38 pm

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം 300 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 കുട്ടികള്‍: യുണിസെഫ്

ആദർശ് എം.കെ.

ജെറുസലേം: ഗസയില്‍ ഇസ്രഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള 300 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 300 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യു.എന്‍ ശിശുക്ഷേമ ഏജന്‍സിയായ യുണിസെഫ്.

കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും, ശരാശരി ഓരോ ദിവസവും ഒരു കുട്ടി വീതം കൊല്ലപ്പെടുന്ന ദാരുണമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

പരാജയപ്പെട്ട വെടിനിര്‍ത്തല്‍ ‘ഓരോ ദിവസവും ശരാശരി ഒരു കുട്ടിയുടെ മരണത്തിന് കാരണമാകുന്ന വെടിനിര്‍ത്തല്‍ കുട്ടികളുടെ കാര്യത്തില്‍ പരാജയമാണ്,’ എന്ന് പശ്ചിമേഷ്യ – വടക്കേ ആഫ്രിക്ക മേഖലയിലെ യുണിസെഫ് റീജിയണല്‍ ഡയറക്ടര്‍ എഡ്വേര്‍ഡ് ബെയ്ഗ്‌ബെഡര്‍ പറഞ്ഞു.

നൂറുകണക്കിന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും, തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത അക്രമരഹിതമായ ഒരു ജീവിതത്തിനായി ഗസയിലെ കുട്ടികള്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഗസയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇപ്പോള്‍ ഗസ മുനമ്പിന്റെ മൂന്നിലൊന്ന് ഭാഗത്തേക്ക് മാത്രം ഒതുക്കപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും മാലിന്യക്കൂമ്പാരങ്ങള്‍ക്കും ഇടയില്‍ അതീവ അപകടകരമായ സാഹചര്യത്തിലാണ് പല കുടുംബങ്ങളും കഴിയുന്നത്.

കുടിവെള്ളത്തിന്റെ അഭാവം, തകര്‍ന്ന ശുചിത്വ സംവിധാനങ്ങള്‍, പകര്‍ച്ചവ്യാധികള്‍, കടുത്ത പോഷകാഹാരക്കുറവ് എന്നിവ കുട്ടികളുടെ ജീവിതം ദുസ്സഹമാക്കുന്നു.

ഭക്ഷണമില്ലാതെ തളര്‍ന്ന അമ്മമാര്‍ പ്രസവിക്കുന്ന കുട്ടികള്‍ ഗുരുതരാവസ്ഥയിലാണെന്ന് യുണിസെഫ് വക്താവ് ലൂയിസ് വാട്ടറിഡ്ജ് ചൂണ്ടിക്കാട്ടി. മാസം തികയാതെയുള്ള പ്രസവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ആശുപത്രികളില്‍ ആവശ്യത്തിന് ഇന്‍ക്യുബേറ്ററുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു ഇന്‍ക്യുബേറ്ററില്‍ തന്നെ രണ്ടോ മൂന്നോ കുട്ടികളെ കിടത്തേണ്ട സാഹചര്യമാണുള്ളത്.

മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും കടുത്ത ദൗര്‍ലഭ്യം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്

ഒക്ടോബര്‍ 2025ലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഗസയില്‍ മൊത്തം 1,209 പേര്‍ കൊല്ലപ്പെടുകയും 3,943 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യു.എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒ.സി.എച്ച്.എ) റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാലയങ്ങളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇപ്പോഴും ആക്രമണങ്ങള്‍ തുടരുകയാണ്

അമേരിക്കയുടെ നേതൃത്വത്തില്‍ പുതിയ സമാധാന പദ്ധതികള്‍ ചര്‍ച്ചയിലുണ്ടെന്ന വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഇത് വെറും വാഗ്ദാനങ്ങള്‍ മാത്രമാകരുതെന്ന് യുണിസെഫ് ആശങ്കയറിയിക്കുന്നു.

‘കൊലപാതകങ്ങള്‍ അവസാനിക്കുമോ? സഹായങ്ങള്‍ കൃത്യമായി എത്തുമോ? ആശുപത്രികള്‍ വീണ്ടും തുറക്കുമോ? സെപ്റ്റംബറില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളുകളില്‍ പോകാന്‍ കഴിയുമോ? ഇവയാണ് ഗാസയിലെ കുട്ടികള്‍ക്ക് മുന്നിലുള്ള ലളിതമായ ചോദ്യങ്ങള്‍,’ എന്ന് ബെയ്ഗ്‌ബെഡര്‍ പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കാനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും എല്ലാ കക്ഷികളോടും യുണിസെഫ് ആവശ്യപ്പെട്ടു.

Content Highlight: UNICEF states that at least 300 children have been killed in Gaza since the ceasefire announcement in October 2025.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more