ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും പഴക്കമേറിയ വാര്‍ത്താ ഏജന്‍സിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എന്‍.ഐ-UNI) യുടെ ന്യൂദല്‍ഹിയിലെ റാഫി മാര്‍ഗിലെ ഓഫീസ് പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതായി ആരോപണം.
ദല്‍ഹി പൊലീസ് വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം മര്‍ദിച്ചാണ് ബലമായി ഓഫീസിന് പുറത്തിറക്കിയത്. സാധനങ്ങളൊന്നും എടുക്കാന്‍ പോലും പൊലീസ് അനുവദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
സംഭവത്തെ ദി സ്റ്റേറ്റ്‌സ്മാന്‍ പത്രം അപലപിച്ചു. മുന്‍കൂട്ടിയുള്ള അറിയിപ്പുകളൊന്നും നല്‍കാതെയാണ് ഓഫീസ് ഒഴിപ്പിച്ചതെന്ന് പത്രം ആരോപിച്ചു. ദി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയാണ് യു.എന്‍.ഐ.
‘ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന പൊലീസ് സേനയുടെ ആക്രമണത്തിനിരയായി. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണവുമാണിത്. ജീവനക്കാര്‍ക്ക് സഹായത്തിനായി ആരെയും ബന്ധപ്പെടാന്‍ പോലും അനുവദിച്ചില്ല,’ എക്‌സ് പോസ്റ്റിലൂടെ സ്‌റ്റേറ്റ്‌സ്മാന്‍ അറിയിച്ചു.
പൊലീസ് അതിക്രമത്തിന്റെയും ജീവനക്കാരെ ആക്രിക്കുന്നതിന്റെയും ചിത്രങ്ങളും എക്‌സിലൂടെ ദി സ്റ്റേറ്റ്‌സ്മാന്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഓഫീസ് ഒഴിപ്പിച്ചതിന് പിന്നിലെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Content Highlight: UNI News Agency office forcibly evacuated; The Statesman newspaper condemns; Journalists protest