ബെംഗളൂരു: കര്‍ണാടകയില്‍ 75 കോടി രൂപ വരെ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ഓഫര്‍ ചെയ്‌തെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തോട് പ്രതികരിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
കര്‍ണാടകയില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയിരുന്നെങ്കില്‍ ഇന്നത്തെ ചിത്രം മാറുമായിരുന്നെന്ന് അമിത് ഷാ പ്രതികരിച്ചു. ഇന്ത്യ ടിവി സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുതിരക്കച്ചവടത്തിന് ബി.ജെ.പി തയ്യാറാകുമായിരുന്നെങ്കില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം തകര്‍ന്നുപോയെനെ. എന്നിട്ടും അവര്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിച്ചെന്ന് ആരോപിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കുതിരക്കച്ചവടം നടത്തിയത് കോണ്‍ഗ്രസാണ്. – എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസ്താവന.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന് ബി.ജെ.പി ശ്രമിക്കില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.
ഇത് ഒരു അവിശുദ്ധ കൂട്ടുകെട്ടാണ്. അതുകൊണ്ട് തന്നെ അധികാലം അതിന് നിലനില്‍ക്കാനാവില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം ലഭിച്ചിരുന്നെങ്കില്‍ സ്വന്തം എം.എല്‍.എമാര്‍ കൈയില്‍ നിന്ന് പോകുമെന്ന് കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഉറപ്പായിരുന്നെന്നും അമിത് ഷാ പറയുന്നു.
ഒരു എം.എല്‍.എമാരും ഞങ്ങളെ ഭയന്ന് ഇരുന്നിട്ടില്ല. സ്വന്തം പാര്‍ട്ടിക്കാരെ തന്നെയായിരുന്നു അവര്‍ക്ക് പേടി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതിനുള്ള തിരിച്ചടി ബി.ജെ.പി കൊടുത്തിരിക്കുമെന്നും അമിത് ഷാ പറയുന്നു.