| Sunday, 24th July 2011, 3:55 pm

പുകവലി സെക്‌സിനെ പുകച്ചുകളയും!

ഡൂള്‍ന്യൂസ് ഡെസ്‌ക്

മദ്യവും മയക്കുമരുന്നും നമ്മുടെ മോശം ജീവിതരീതികളും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കും. ഇത് നമുക്ക് പല രോഗങ്ങള്‍ വരുത്തുന്നതിനു പുറമേ ലൈംഗിക ജീവിതം ആസ്വദിക്കാന്‍ കഴിവില്ലാതാക്കുകയും ചെയ്യുമെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

പുകവലി, മദ്യപാനം, അമിതാഹാരം തുടങ്ങിയ ശീലങ്ങളുള്ളവര്‍ക്ക് സന്തോഷകരമായ ലൈംഗിക ജീവിതം ആസ്വദിക്കാന്‍ കഴിയില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ ശീലങ്ങളുള്ള ആളുകള്‍ക്ക് ക്രമേണ ലൈംഗിക വിരക്തിയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പഠനം നടത്തിയ ഡെന്‍മാര്‍ക്ക് സംഘം പറയുന്നു.

ലൈംഗിക വിരക്തിയുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇത്തരം അനാരോഗ്യപരമായ ശീലങ്ങളുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 5,500 ലധികം സ്ത്രീകളിലും പുരുഷന്‍മാരിലുമാണ് പഠനം നടത്തിയത്. അനാരോഗ്യകരമായ ശീലങ്ങളുള്ളവരില്‍ സെക്‌സിനോട് താല്‍പര്യം കുറയുന്നതായി വ്യക്തമായിട്ടുണ്ട്. ഇത്തരം ദുശീലങ്ങള്‍ ലൈംഗികമരവിപ്പുണ്ടാക്കാനുള്ള സാധ്യത സ്ത്രീകളില്‍ 91%വും പുരുഷന്‍മാരില്‍ 78%വുമാണ്.

മയക്കരമരുന്ന് ഉപയോഗിക്കുന്നവരില്‍ ലൈംഗിക വിരക്തി ഉണ്ടാവാനുള്ള സാധ്യത 800% അധികമാണ്. ഹാഷിഷ് പോലുള്ള മയക്കമരുന്നുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയനുഭവിക്കാനുള്ള കഴിവില്ലാതാകും.

തങ്ങളുടെ കണ്ടെത്തല്‍ മോശം ജീവിതരീതി പിന്‍തുടരുന്ന രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് പഠനം നടത്തിയവരില്‍ ഒരാളായ മോര്‍ടണ്‍ ഫ്രിസ്ച്ച് പറഞ്ഞു. സെക്ഷ്വല്‍ മെഡിസിന്‍ എന്ന ജേണലിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

We use cookies to give you the best possible experience. Learn more