മ്യൂണിക്: ഇന്ത്യയുടെ സമ്പദ് വ്യയവസ്ഥയുടെ നട്ടെല്ലാകേണ്ട ഉത്പന്ന നിര്‍മാണങ്ങളിലുണ്ടാവുന്ന കുറവില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഫാക്ടറി സന്ദര്‍ശിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രാഹുല്‍.
ശക്തമായ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലെന്ന് പറഞ്ഞാല്‍ അത് ഉത്പന്ന നിര്‍മാണമാണ്. എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ ഇന്ത്യയില്‍ ഉത്പാദനം വളരെ കുറവാണ്.
സാമ്പത്തിക വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് രാജ്യത്ത് കൂടുതല്‍ ഉത്പാദനങ്ങള്‍ നടക്കേണ്ടതുണ്ട്. അതിന് കൂടുതല്‍ ഉത്പാദന ആവാസവ്യവസ്ഥകള്‍ നിര്‍മിക്കുകയും ഉയര്‍ന്ന നിലവാരത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമെന്ന് രാഹുല്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഉത്പന്നങ്ങളുടെ നിര്‍മാണം വര്‍ധിക്കേണ്ടതാണ്. എന്നാല്‍, കൂടുതല്‍ ഉത്പന്ന നിര്‍മാണങ്ങള്‍ ആരംഭിക്കുന്നതിന് പകരം ഉത്പാദനം കുറയുകയാണ് ചെയ്യുന്നത്. അത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം ജര്‍മനിയില്‍ പറഞ്ഞു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ജര്‍മനിയിലെത്തിയത്. ജര്‍മനിയിലെ ഐ.ഒ.സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
രാഹുല്‍ യൂറോപ്പിലുടനീളമുള്ള ഐ.ഒ.സി ചാപ്റ്ററുകളുടെ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി എന്‍.ആര്‍.ഐ പ്രശ്‌നങ്ങള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ജര്‍മനിയിലെ സന്ദര്‍ശനത്തിനിടെ മ്യൂണിക്കിലെ ബി.എം.ഡബ്ല്യുവിന്റെ ആസ്ഥാനവും ബി.എം.ഡബ്ല്യു വെല്‍റ്റും ബി.എം.ഡബ്ല്യു പ്ലാന്റും രാഹുല്‍ സന്ദര്‍ശിച്ചു. ബി.എം.ഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടി.വി.എസിന്റെ 450 സി.സി ബൈക്ക് കണ്ടെന്നും അദ്ദേഹം പിന്നീട് എക്‌സില്‍ കുറിച്ചു.
Content Highlight: Unfortunately, manufacturing, the backbone of the economy, is declining in India: Rahul Gandhi