| Thursday, 20th August 2026, 9:34 am

ഫ്‌ളോറിഡയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് അപ്രതീക്ഷിത വിജയം; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ തോല്‍പിച്ച് ട്രേഡ് യൂണിയനിസ്റ്റ്

അഞ്ജു ചന്ദ്രന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന വിഭാഗത്തിന് അപ്രതീക്ഷിത വിജയം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും മുന്‍ ട്രേഡ് യൂണിയന്‍ സംഘാടകയുമായ ആന്‍ജി നിക്‌സനാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കെതിരായ മത്സരത്തില്‍ വിജയം നേടിയത്.

വിരമിച്ച യു.എസ് സൈനിക ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ വിന്‍ഡ്മാനെ പരാജയപ്പെടുത്തിയാണ് നിക്‌സണ്‍ വിജയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലത്ത് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അംഗമായിരുന്നു വിന്‍ഡ്മാന്‍. നിക്‌സണ്‍ 56 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ വിന്‍ഡ്മാന് 44 ശതമാനം വോട്ടാണ് ലഭിച്ചത്.

ഫ്‌ളോറിഡയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ നേതൃത്വപരമായ ഭിന്നതകള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കുമിടയിലാണ് നിക്‌സന്റെ വിജയം. സാധാരണയായി ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമല്ലാത്ത ഫ്‌ളോറിഡ പോലുള്ള സംസ്ഥാനത്ത് പുരോഗമന നിലപാടുള്ള സ്ഥാനാര്‍ഥിക്ക് ലഭിച്ച വിജയം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുകയാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയായ നിക്‌സണ്‍ തൊഴിലാളികളുടെ അവകാശങ്ങള്‍, സാമൂഹിക സുരക്ഷ, സാമ്പത്തിക സമത്വം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ്. അവരുടെ വിജയം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ കൂടുതല്‍ ഇടതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയത്തിന് ലഭിക്കുന്ന പിന്തുണയുടെ സൂചനയായി വിലയിരുത്തപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്‌ളോറിഡയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കൂടുതല്‍ മിതവാദ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ച സ്ഥാനാര്‍ഥിയായിരുന്നു വിന്‍ഡ്മാന്‍.

തൊഴിലാളി അവകാശങ്ങള്‍, സാമ്പത്തിക നീതി, ആരോഗ്യപരിരക്ഷ, ഭവനം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ പുരോഗമന നിലപാടുകളാണ് നിക്‌സണ്‍ മുന്നോട്ടുവച്ചത്. ഫ്‌ളോറിഡ സംസ്ഥാന നിയമസഭയില്‍ 2020 മുതല്‍ അംഗമായ നിക്‌സണ്‍ ജാക്‌സണ്‍വില്‍ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇരുവരുടെയും പ്രചാരണച്ചെലവിലെ വലിയ വ്യത്യാസമാണ്. ജൂലൈ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം നിക്‌സണ്‍ ഏകദേശം 9.75 ലക്ഷം ഡോളര്‍ മാത്രമാണെങ്കില്‍ വിന്‍ഡ്മാന്‍ 1.63 കോടി ഡോളറിലധികം ഉപയോഗിച്ചു.

വന്‍ സാമ്പത്തിക മേല്‍ക്കൈ ഉണ്ടായിരുന്നിട്ടും വിന്‍ഡ്മാനെ പരാജയപ്പെടുത്താന്‍ നിക്‌സണിന് കഴിഞ്ഞത് അവരുടെ താഴെതട്ടില്‍ വരെയുള്ള പ്രചാരണത്തിന് ലഭിച്ച പിന്തുണയുടെ സൂചനയായാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Unexpected victory for Democratic candidate in Florida; trade unionist defeats Republican candidate.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more