ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്കെതിരെയും രാജ്യതലസ്ഥാനമായ ദൽഹിയിൽ ഇടത്-യുവജന സംഘടനകളുടെ അപ്രതീക്ഷിത സംയുക്ത പ്രതിഷേധം.
കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, സി.ജെ.പി എന്നീ സംഘടനകൾ സംയുക്തമായാണ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും തെരുവിലിറങ്ങി പ്രവർത്തകർ.
രാവിലെ തന്നെ പൊലീസ് റൂട്ട് മാർച്ച് നടത്തി കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്ന കേന്ദ്രത്തിലാണ് പൊലീസിനെ ഞെട്ടിച്ച് പെട്ടെന്ന് പ്രതിഷേധക്കാർ സംഘടിച്ചത്.
ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ശക്തമായ താക്കീത് നൽകിക്കൊണ്ടും അവർ മുദ്രാവാക്യം വിളിച്ചു.
കഴിഞ്ഞ ദിവസം സി.പി.ഐ.എം നേതാക്കൾ നടത്തിയ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി അടക്കമുള്ള മുതിർന്ന നേതാക്കളെ ദൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
‘എത്രയോ ദിവസങ്ങളായി പ്രതിഷേധങ്ങളെ കേന്ദ്രം അടിച്ചമർത്താൻ ശ്രമിക്കുന്നു, എന്നാൽ ഞങ്ങൾ ഒരടി പോലും പിന്നോട്ടില്ല’ എന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ് പറഞ്ഞു.
പൊലീസ് ബലപ്രയോഗത്തിലൂടെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു. കൊടികൾ കയ്യിലേന്തി റോഡിൽ കിടന്ന് പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ക്രൂരമായി വലിച്ചിഴച്ചാണ് വാഹനങ്ങളിലേക്ക് മാറ്റിയത്. ഡൽഹി പോലീസിനൊപ്പം കേന്ദ്ര സേനയെയും വലിയ തോതിൽ ഇവിടെ വിന്യസിച്ചിരുന്നു.
തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ് അടക്കമുള്ള നേതാക്കളെ പൊലീസ് ബലമായി പിടികൂടി അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റി.
നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടും ബാക്കി പ്രവർത്തകർ ശക്തമായ പ്രതിരോധവുമായി കൊണാട്ട് പ്ലേസിൽ സമരം തുടർന്നു. തെരുവിൽ പൊലീസിന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധം ആവർത്തിക്കുന്നത് രാജ്യതലസ്ഥാനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
Content Highlight:Unexpected protest by Left-wing student and youth groups at Delhi’s Connaught Place; mass arrests, including leaders.