| Saturday, 16th May 2026, 12:51 pm

തൊഴില്‍ രഹിതരായ യുവാക്കള്‍ പാറ്റകളെ പോലെ; മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമായി സിസ്റ്റത്തെ ആക്രമിക്കുന്നു: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

നിഷാന. വി.വി

ന്യൂദല്‍ഹി: തൊഴില്‍ രഹിതരായ യുവാക്കള്‍ പാറ്റയെ പോലെയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. അത്തരത്തിലുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോ സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകളോ ആയി മാറി സംവിധാനത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന പദവിക്കായി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.

സമൂഹത്തില്‍ ഇതിനോടകം തന്നെ സിസ്റ്റത്തെ ആക്രമിക്കുന്ന പരാദ ജീവികളുണ്ടെന്നും അവരോടൊപ്പം ചേരാന്‍ ശ്രമിക്കുകയാണോയെന്നും ബെഞ്ച് ഹരജിക്കാരനോട് ചോദിച്ചു.

‘ലോകത്തെ മുഴുവന്‍ അഭിഭാഷകരും മുതിര്‍ന്ന അഭിഭാഷകരാവാന്‍ യോഗ്യരായിരിക്കാം പക്ഷേ നിങ്ങള്‍ യോഗ്യനല്ല,’ ഹരജിക്കാരനോട് കോടതി പറഞ്ഞു.

ദല്‍ഹി ഹൈക്കോടതി ഹരജിക്കാരന് മുതിര്‍ന്ന അഭിഭാഷക പദവി നല്‍കിയാലും സുപ്രീം കോടതി ഇടപെട്ട് അത് റദ്ദാക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകന്‍ ഫേസ്ബുക്കില്‍ ഉപയോഗിച്ച ഭാഷയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘ പാറ്റകളെ പോലെയുള്ള ചെറുപ്പക്കാരുണ്ട്. അവര്‍ക്ക് ജോലിയില്ല. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരായി മാറുന്നു. മറ്റു ചിലര്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും വിവരാവകാശ പ്രവര്‍ത്തകരുമാവുന്നു. എന്നിട്ട് വ്യവസ്ഥയെ മുഴുവന്‍ ആക്രമിക്കുന്നു,’ സൂര്യകാന്ത് പറഞ്ഞു.

താങ്കള്‍ക്ക് മറ്റ് വ്യവഹാരങ്ങളൊന്നുമില്ലെയെന്നും സീനിയര്‍ അഭിഭാഷകന്‍ എന്നത് ഒരാള്‍ക്ക് നല്‍കപ്പെടുന്ന ബഹുമതിയാണെന്നും അല്ലാതെ പിറകെ നടന്ന് നേടിയെടുക്കുന്നതല്ലെന്നും അദ്ദേഹം ചോദിച്ചു.

കറുത്ത കോട്ടിട്ട് നടക്കുന്ന പലരുടെയും ബിരുദങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും അവ പരിശോധിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ബാര്‍ ബെഞ്ചിനെ വിലക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാനം ഹരജിക്കാരന്‍ ബെഞ്ചിനോട് ക്ഷമാപണം നടത്തുകയും ഹരജി പിന്‍വലിക്കാന്‍ അനുമതി തേടുകയും ചെയ്തു. പിന്‍വലിക്കാന്‍ ബെഞ്ച് അനുവദിച്ചു.

Content Highlight: Unemployed youth are like cockroaches; they are attacking the system with media workers and activists: Chief Justice Suryakant

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more