| Tuesday, 23rd April 2019, 1:21 pm

'ഇതുപോലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ സിനിമയാണ് 'ഉണ്ട' എന്നല്ലേ കേട്ടത്'; അനുഭവം പങ്കുവെച്ച് തിരക്കഥാകൃത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. കേരളത്തില്‍ നിന്നും പത്തു പൊലീസുകാരെ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്ന കഥ പറയുന്ന ചിത്രത്തെകുറിച്ച് രസകരമായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഹര്‍ഷാദ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

(ഇലക്ഷന്‍ ഡ്യൂട്ടി )
രാവിലെത്തന്നെ ഒരു പൊലീസുകാരന്‍ ബൈക്കിന് കൈകാണിച്ചു. കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാള്‍. വഴിയിലുടനീളം അയാള്‍ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂര്‍ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവര്‍ത്തകര്‍ക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്.

‘സാധാരണ ഏതെങ്കിലും പാര്‍ട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്.
‘ എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
‘എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാന്‍ തന്നെ വാങ്ങാന്ന് വിചാരിച്ചു.’
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ സിനിമയാണ് ‘ഉണ്ട’ എന്നല്ലേ കേട്ടത്!
അതും അങ്ങ് ഛത്തീസ്ഗഡില്‍…!
എറങ്ങട്ടെ കാണണം.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ കഥാപശ്ചാത്തലം തെരഞ്ഞെടുപ്പു കാലമാണ്. ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് സമയത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും സിനിമയിലുണ്ട്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉണ്ട കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രം ഈദിന് റിലീസ് ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more