| Saturday, 14th February 2026, 8:50 pm

തുടങ്ങാം ഇനി നേരേ ചൊവ്വ; മഞ്ജുവും വാര്യരും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു

ഐറിന്‍ മരിയ ആന്റണി

വേട്ട ചിത്രത്തിന് ശേഷം മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നേരെ ചൊവ്വ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ലുങ്കി മടക്കിയുടുത്ത്, നാടന്‍ ലുക്കില്‍ കുഞ്ചാക്കോ ബോബന്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ടൈറ്റില്‍ പോസ്റ്ററില്‍ ചൊവ്വാ ഗ്രഹമാണ് പശ്ചാത്തലം. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

നര്‍മത്തിന്റെ അകമ്പടിയോടെയുള്ള ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് നേരേ ചൊവ്വ പുറത്തിറങ്ങുന്നതെന്നാണ് ടൈറ്റ് ലുക്ക് സൂചനകള്‍ നല്‍കുന്നത്. ഫാലിമി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ രജിത് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രമേശ് രഞ്ജിത്തും സനീഷ് സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജുവാണ്. വി ആന്‍ഡ് വി ഗ്ലോബല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനീഷ് വര്‍ഗീസാണ് സിനിമ നിര്‍മിക്കുന്നത്. ഫാലിമി, തലൈവര്‍ തമ്പി എന്ന സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ നിതീഷ് സഹദേവാണ് നേരേ ചൊവ്വയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായെത്തുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കോമ്പോയാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. രാജേഷ് പിള്ള ഒരുക്കിയ 2016ല്‍ പുറത്തിറങ്ങിയ വേട്ട എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇപ്പോഴിതാ നീണ്ട 10വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഒന്നിച്ചെത്തുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യൂ ഏറെക്കാലത്തിനുശേഷം മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു. റവന്യു ഡിപ്പാര്‍ട്ട്‌മെന്റിലെ യു.ഡി ക്ലാര്‍ക്കായ നിരുപമ രാജീവ് എന്ന കഥാപാത്രമായണ് മഞ്ജു എത്തിയത്.

ലാലു അലക്‌സ്, കനിഹ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തു.

Content Highlight: Kunchacko Boban and Manju Warrier are teaming up for the film Nere Chovva

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more