അര്‍ജന്റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ അനിശ്ചിതത്വം. ഈ വര്‍ഷം അര്‍ജന്റീനയുടെ കേരള സന്ദര്‍ശനമുണ്ടാകില്ല എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അര്‍ജന്റൈന്‍ ദേശീയ ടീം കേരളത്തിലേക്ക് വരുന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരം കായിക-യുവജന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ കേരളത്തിലെത്തുന്നതില്‍ അര്‍ജന്റീന വിസമ്മതമറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടീമിന്റെ സന്ദര്‍ശനം അടുത്ത വര്‍ഷത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം തന്നെ മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കാനാണ് കായികവകുപ്പിന്റെ ശ്രമം.
അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡിസംബര്‍ 14ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാനായാണ് മെസി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി സ്റ്റേഡിയത്തിന്റെ ചുമതലക്കാരായ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘാടകരായ വിസ്‌ക്രാഫ്റ്റിന് അനുമതി നല്‍കിയിട്ടുണ്ട്.
ഈ പരിപാടിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം മെസി ക്രിക്കറ്റ് കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചടങ്ങിന്റെ മുഴുവന്‍ ഷെഡ്യൂള്‍ പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കും.
ഇതിന് പുറമെ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ നഗരങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ മെസിയെ ആദരിക്കുന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും. കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ വര്‍ക്ക് ഷോപ്പ്, ഗോട്ട് കപ്പ് എന്ന പേരില്‍ സെവന്‍സ് ടൂര്‍ണമെന്റ് എന്നിവയും പരിപാടിയിലുണ്ടാകുമെന്നാണ് സൂചന.
Content Highlight: Uncertainty over Argentina national football team’s visit to Kerala.