| Monday, 24th August 2026, 8:29 pm

മൈസൂരില്‍ നിന്ന് ഹൈദരബാദ് വഴി ഗോവയിലേക്ക്, പടമേതായാലും ട്രിപ്പ് ഒഴിവാക്കാന്‍ പറ്റാത്ത ഗിരീഷ് എ.ഡി

അമര്‍നാഥ് എം.

മോളിവുഡില്‍ ഒരു പ്രത്യേക ഴോണറായി മാറിയ സംവിധായകനാണ് ഗിരീഷ് എ.ഡി. റോം കോം ലൈറ്റ് ഹാര്‍ട്ടഡ് സിനിമകളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ചെയ്ത സിനിമകളിലൂടെ ഗിരീഷ് അടിവരയിട്ട് തെളിയിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റും ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ്.

ഓരോ സിനിമയിലും വ്യത്യസ്ത കാലഘട്ടത്തിലെ പ്രണയമാണ് ഗിരീഷ് എ.ഡി പറഞ്ഞത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്ലസ് ടു പ്രണയവും സൂപ്പര്‍ ശരണ്യയില്‍ കോളേജ് പ്രണയവും പറഞ്ഞപ്പോള്‍ കോളേജ് കാലഘട്ടത്തിന് ശേഷമുള്ള പ്രണയത്തിന്റെ കഥയാണ് പ്രേമലു പറഞ്ഞത്. ബെത്‌ലഹേമിലേക്കെത്തുമ്പോള്‍ ഏജ് ഗ്യാപ്പുള്ളവര്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

പ്രണയം പോലെ ഗിരീഷ് എ.ഡി സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു എലമെന്റാണ് ട്രിപ്പ്. സിനിമ ഏതായാലും അതിലെ പ്രധാന താരങ്ങള്‍ ഒരു ട്രിപ്പ് പോകുന്ന സീന്‍ ഉറപ്പായും ഉണ്ടാകും. ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ജെയ്‌സണും സംഘവും മൈസൂരിലേക്ക് ട്രിപ്പ് പോകുന്നതായാണ് കാണിച്ചിട്ടുള്ളത്. ട്രിപ്പിനിടയില്‍ രവി പപ്പന്‍ ജെയ്‌സണെ പരമാവധി ചൊറിയുന്ന സീനെല്ലാം ചിരിയുണര്‍ത്തുന്നതാണ്.

രണ്ടാമത്തെ സിനിമയായ സൂപ്പര്‍ ശരണ്യയില്‍ ശരണ്യയും കൂട്ടുകാരും കൊച്ചിയിലേക്ക് ടൂര്‍ പോകുന്നതായാണ് കാണിക്കുന്നത്. സോനയുടെയും ടീമിന്റെയും ഇടക്കിടെയുള്ള കൗണ്ടറുകള്‍ ഈ ട്രിപ്പിന്റെ ഹൈലൈറ്റാണ്. മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ചെറിയ ട്രിപ്പാണ് സൂപ്പര്‍ ശരണ്യയിലേതെന്ന് പറയാം.

ഹൈദരബാദിനെ ചുറ്റിപ്പറ്റി കഥ പറഞ്ഞ പ്രേമലുവിലും ഒരു ട്രിപ്പുണ്ട്. റീനുവും സച്ചിനുമെല്ലാം നടത്തുന്ന ഹൈദരബാദ് ട്രിപ്പും ആ സീനിലെ പാട്ടും ഇപ്പോഴും പലരുടെയും ഫേവറെറ്റാണ്. ഏറ്റവുമൊടുവിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലും ഗിരീഷ് എ.ഡി ട്രിപ്പ് പ്ലെയ്‌സ് ചെയ്തിട്ടുണ്ട്. ഇത്തവണ കൊച്ചിയില്‍ നിന്ന് ഗോവയിലേക്കാണ് നായകനും സംഘവും യാത്ര ചെയ്യുന്നത്.

മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നായകനല്ല സ്‌കോര്‍ ചെയ്യുന്നത്. റോഷന്‍ ഷാനവാസിന്റെ ഗ്ലിക്‌സനാണ് ട്രിപ്പിലെ ഷോ സ്റ്റീലര്‍. ചെറുതായി വന്നുപോകുന്ന പോര്‍ഷനുകളില്‍ പോലും ഗ്ലിക്‌സണ്‍ ചിരിപ്പിക്കുന്നുണ്ട്. ട്രിപ്പില്ലാത്ത ഗിരീഷ് എ.ഡി ചിത്രമെന്ന് പറയാന്‍ ഐ ആം കാതലന്‍ മാത്രമാണുള്ളത്. ഒരിടത്തും ആവര്‍ത്തന വിരസത തോന്നിക്കാത്തതും ഗിരീഷ് എ.ഡി എന്ന സംവിധായകന്റെ വിജയമാണ്.

Content Highlight: Unavoidable trip sequence in Girish A D movies

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more