ന്യൂദല്‍ഹി: മത്സര പരീക്ഷകളുടെ സത്യസന്ധത ഉറപ്പാക്കുന്നതിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നതെന്ന് സി.ജെ.പി മേധാവി അഭിജിത് ദിപ്‌കെ.
മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ (ടി.ഇ.ടി) ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ദീപ്‌കെയുടെ വിമര്‍ശനം. ഇത് സര്‍ക്കാരിന്റെ പരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ആദ്യം നീറ്റ് ഇപ്പോള്‍ ടി.ഇ.ടി. 2017 മുതല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ടി.ഇ.ടി തട്ടിപ്പുകളെക്കുറിച്ച് നിലവിളിക്കുന്നുണ്ട്. എന്നാല്‍ ഈ സംവിധാനം ശരിയാക്കുന്നതിന് പകരം നമ്മുടെ യുവാക്കളെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് അധികാരികള്‍ ആഗ്രഹിക്കുന്നത്,’ ദീപ്‌കെ പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന് ഒരു പരീക്ഷ പോലും കൃത്യമായി നടത്താന്‍ കഴിവില്ലെന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ബി.ജെ.പിക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കലും എം.എല്‍.എമാരെയും എം.പിമാരെയും വേട്ടയാടലുമാണ്,’ ദീപ്‌കെ പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ബി.ജെ.പിക്ക് ലഭിക്കുന്ന ഫണ്ടിനേക്കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു. എം.എല്‍.എമാരെയും എം.പിമാരെയും വാങ്ങാന്‍ പണം എവിടെ നിന്ന് വരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
യുവാക്കളുടെ ഭാവിയെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയില്ലെന്നും ഈ വിഷയത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മഹാരാഷ്ട്ര ടി.ഇ.ടി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് റദ്ദാക്കിയത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് താനെയില്‍ നിന്ന് ചോദ്യപേപ്പര്‍ കണ്ടെടുത്തത്. ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരീക്ഷ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പര്‍ എങ്ങനെയാണ് ചോര്‍ന്നതെന്നും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയരുന്നത്. ബി.ജെ.പി ഭരണം പേപ്പര്‍ ലീക്ക് സര്‍ക്കാര്‍ ആയി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിലൂടെ ലഭിക്കുന്ന പണമാണ് എം.പിമാരെയും എം.എല്‍.എമാരെയും വിലക്കെടുക്കാന്‍ ബി.ജെ.പി ഉപയോഗപ്പെടുത്തുന്നതെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.
Content Highlight: Unable to conduct even a single exam; All BJP can do is destroy political parties; CJP on TET question paper leak