| Saturday, 13th June 2026, 8:35 am

മുംബൈയിലെ ചിലവ് താങ്ങാനാവുന്നില്ല; ഹൈദരാബാദിലേക്ക് മാറാന്‍ അനുമതി തേടിയ വരവര റാവുവിന്റെ ഹരജിയിയില്‍ എന്‍.ഐ.എയോട് മറുപടി തേടി ബോംബെ ഹൈക്കോടതി

നിഷാന. വി.വി

മുംബൈ: ഭീമാ കോറേഗാവ് കേസ് പ്രതി വരവര റാവുവിന് ഹൈദരാബാദിലേക്ക് താമസം മാറാന്‍ അനുമതി തേടിയുള്ള ഹരജിയിയില്‍ എന്‍.ഐ.എ യോട് മറുപടി തേടി ബോംബെ ഹൈക്കോടതി

ഭീമാ കൊറേഗാവ് – എല്‍ഗാര്‍ പരിഷത് കേസില്‍ പ്രതിയായ തെലുങ്ക് കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. വരവര റാവുവിന് ജാമ്യകാലയളവില്‍ സ്വന്തം നാടായ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കാന്‍ അനുമതി നല്‍കണം എന്ന ഹരജിയിലാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹരജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയിലെ കടുത്ത ജീവിതച്ചെലവും വാടകയും താങ്ങാന്‍ കഴിയുന്നില്ലെന്നും, പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കാരണം സ്വന്തം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ അനുവദിക്കണമെന്നുമാണ് വരവര റാവു ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈയില്‍ ജീവിക്കാന്‍ പ്രതിമാസം 77,000 രൂപയിലധികം ചിലവ് വരുന്നുണ്ടെന്നും എന്നാല്‍ തനിക്ക് ലഭിക്കുന്ന പെന്‍ഷന്‍ 50,000 രൂപ മാത്രമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ അജയ് എസ്. ഗാഡ്കരി, കമല്‍ ആര്‍. ഖാട്ട എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് എന്‍.ഐ.എയ്ക്ക് നോട്ടീസ് അയച്ചത്. 2018 ഓഗസ്റ്റില്‍ അറസ്റ്റിലായ വരവര റാവുവിന് 2022 ഓഗസ്റ്റില്‍ സുപ്രീം കോടതി ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മുംബൈ വിട്ടുപോകരുത് എന്ന കര്‍ശന വ്യവസ്ഥ ജാമ്യ ഉത്തരവിലുണ്ടായിരുന്നു.

ഹൈദരാബാദിലേക്ക് മാറാന്‍ അനുമതി തേടി ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് പ്രത്യേക എന്‍.ഐ.എ കോടതിയെ റാവു സമീപിച്ചിരുന്നെങ്കിലും കോടതി അത് നിരസിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഇപ്പോള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

ചരിത്രപരമായ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷമാണ് ഭീമ കൊറേഗാവ് കേസിന് കാരണമായത്. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഘര്‍ഷമുണ്ടായത്. 2017 ഡിസംബര്‍ 31ന് പൂനെയില്‍ നടന്ന ‘എല്‍ഗാര്‍ പരിഷത്ത്’ സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ കൊറേഗാവ് ആക്രമണത്തിന് കാരണമായെന്നാണ് പൊലീസ് വാദം. ഈ യോഗത്തിന് പണം നല്‍കിയെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ചാണ് 16 ആക്ടിവിസ്റ്റുകളെ എന്‍.ഐ.എ പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlight: Unable to afford the cost of living in Mumbai; Bombay High Court seeks NIA’s response on Varavara Rao’s plea seeking permission to move to Hyderabad

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more