| Saturday, 1st February 2025, 1:32 pm

ശവസംസ്‌കാരം നടത്താൻ പണമില്ല; സഹോദരിമാർ അമ്മയുടെ മൃതദേഹത്തോടൊപ്പം താമസിച്ചത് എട്ട് ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: ശവസംസ്‌കാരം നടത്താൻ പണമില്ലാത്തതിന്റെ തുടർന്ന് അമ്മയുടെ മൃതദേഹവുമായി തെലങ്കാനയിൽ രണ്ട് സഹോദരിമാർ കഴിഞ്ഞത് എട്ട് ദിവസം. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം നടന്നത്.

എട്ട് ദിവസം മുൻപാണ് പെൺകുട്ടികളുടെ അമ്മ ശ്രീലളിത (45) മരിച്ചത്. എന്നാൽ മരണ വിവരം മക്കൾ ആരെയും അറിയിച്ചിരുന്നില്ല. ഇതിനിടയൽ പെൺകുട്ടികൾ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ദുർഗന്ധം വന്നപ്പോൾ അയൽക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സാരി കടയിൽ ജോലി ചെയ്യുന്ന 25 കാരിയായ റവലികയ്ക്കും ഇവൻ്റ് പ്ലാനറായ 22 കാരിയായ അശ്വിതയ്ക്കും അമ്മയുടെ ശവസംസ്‌കാര ചടങ്ങിന്റെ പണച്ചെലവ് താങ്ങാൻ കഴിഞ്ഞില്ല, അതിനാലാണ് മൃതദേഹം വീട്ടിൽ സൂക്ഷിച്ചതെന്നാണ് ഇരുവരും പറയുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, തർക്കങ്ങളെത്തുടർന്ന് 2020ൽ അവരുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു, അവർക്ക് സാമ്പത്തിക പിന്തുണയൊന്നുമില്ല. അമ്മയായിരുന്നു പെണ്മക്കളുടെ ഏക ആശ്രയം. ഇവർ മരിച്ചതോടെ ഇരുവരും മൃതദേഹം വീട്ടിലെ ഒരു മുറിയിൽ സൂക്ഷിക്കുകയായിരുന്നു.

ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സ്ഥിതിഗതികൾ പുറത്തറിയുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് ഇടപെടുന്നതിന് മുമ്പ്, സഹോദരങ്ങൾ അമ്മയുടെ ശവസംസ്കാരത്തിനായി പ്രാദേശിക മൾട്ടി പർപ്പസ് ഹാളിൽ നിന്ന് സഹായം തേടിയിരുന്നു. ഹാൾ അധികൃതർ ചിൽകൽഗുഡ പൊലീസുമായി ബന്ധപ്പെടുകയും തുടർന്ന് ബൗദനഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. സത്രീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്‌ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രണ്ട് മാസം മുമ്പാണ് കുടുംബം വാരസിഗുഡയിലേക്ക് താമസം മാറിയതെന്നാണ് അയൽക്കാർ പറയുന്നത്. രണ്ട് സഹോദരിമാരും സഹായത്തിനായി അംബർപേട്ടിലെ ഒരു ബന്ധുവിനെ സമീപിച്ചിരുന്നുവെങ്കിലും അവർ യുവതികളുടെ കോളുകളോട് പ്രതികരിച്ചില്ല.

Content Highlight: Unable to afford cremation, Telangana sisters live with mother’s body for a week

We use cookies to give you the best possible experience. Learn more