| Tuesday, 20th May 2025, 4:58 pm

അടിയന്തര സഹായമെത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഗസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കും: ഐക്യരാഷ്ട്രസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: അടിയന്തര സഹായമെത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഗസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ തലവൻ ടോം ഫ്ലെച്ചർ. ബി.ബി.സിയുടെ റേഡിയോ 4 ന്റെ ടുഡേയ്‌സ് പ്രോഗ്രാമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസയിലേക്ക് ഇസ്രഈൽ വളരെ തുച്ഛമായ അളവിൽ മാത്രമാണ് മാനുഷിക സഹായം അനുവദിക്കുന്നതെന്ന് ടോം ഫ്ലെച്ചർ പറഞ്ഞു.

ഗസയിൽ അടിയന്തര സഹായമെത്തിയില്ലെങ്കിൽ ക്ഷാമം ഉണ്ടാകുമെന്ന അന്താരാഷ്ട്ര സമ്മർദ്ദം കാരണം 11 ആഴ്ചയായി ഇസ്രഈൽ തടഞ്ഞുവെച്ച മാനുഷിക സഹായങ്ങൾ അതിർത്തി കടത്തിവിടാൻ ബെഞ്ചമിൻ നെതന്യാഹുവിനെ നിർബന്ധിതനായിയെന്നും ടോം ഫ്ലെച്ചർ പറഞ്ഞു. എങ്കിലും വളരെ കുറഞ്ഞ അളവിലുള്ള സഹായം മാത്രമേ ഗസയിലേക്ക് എത്തുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ ഗസയിലേക്ക് അഞ്ച് ട്രക്ക് ഭക്ഷണം അടക്കമുള്ള മാനുഷിക സഹായങ്ങൾ പോയതായി ഫ്ലെച്ചർ പറഞ്ഞു. എന്നാൽ ഇത് സമുദ്രത്തിൽ ഒരു തുള്ളി വീഴുന്നത് പോലെയാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഇത് തികച്ചും അപര്യാപ്തമാണെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ ശിശുക്കൾക്കുള്ള ഭക്ഷണവും പോഷകാഹാരവും അടങ്ങിയ സഹായ ലോറികൾ ഗസയിലെത്തിയെങ്കിലും അത് അതിർത്തിയുടെ മറുവശത്തായതിനാൽ സാധാരണക്കാരിലേക്ക് സഹായം എത്തിയിട്ടില്ലെന്നും ഫ്ലെച്ചർ പറഞ്ഞു.

കൃത്യസമയത്ത് സഹായം എത്തിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അടുത്ത 48 മണിക്കൂറിനുള്ളിൽ സഹായം എത്തിയില്ലെങ്കിൽ ഏകദേശം 14,000 കുഞ്ഞുങ്ങൾ മരണപ്പെടും. പരമാവധി കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭ എങ്ങനെയാണ് ഈ കണക്കിൽ എത്തിയതെന്ന ബി.ബി.സിയുടെ ചോദ്യത്തിന് തങ്ങൾക്ക് യുദ്ധ ഭൂമിയിൽ ശക്തമായ ടീമുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘തീർച്ചയായും അവരിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴും അവിടെ ധാരാളം ആളുകളുണ്ട്. അവർ മെഡിക്കൽ സെന്ററുകളിലും സ്കൂളുകളിലുമൊക്കെയായി താമസിക്കുന്നു. ഗസയിലെ ജനങ്ങളുടെ ആവശ്യങ്ങൾ വിലയിരുത്താൻ അവർ ശ്രമിക്കുകയാണ്,’ ഫ്ലെച്ചർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രണ്ടര മാസത്തെ ദുരിതത്തിനൊടുവില്‍ ഗസ നിവാസികള്‍ക്ക് അടിസ്ഥാന അളവില്‍ ഭക്ഷണം നൽകാൻ അനുവദിക്കുമെന്ന് ഇസ്രഈല്‍ പറഞ്ഞത്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസായിരുന്നു ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് വിട്ടത്.

ഈ പ്രസ്താവന പ്രകാരം ഇസ്രഈല്‍ പ്രതിരോധ സേനയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇസ്രഈലിന്റെ പുതിയ മിലിട്ടറി ഓപ്പറേഷനെ സപ്പോര്‍ട്ട് ചെയ്യുന്നതിനുമാണ്  ഈ തീരുമാനമെന്നും പറയുന്നുണ്ട്.  എന്നാല്‍ ഈ സഹായ വിതരണത്തിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുത്താല്‍ നടപടിയെടുക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ ഭാഗമായി ഗസയിലേക്കുള്ള ഭക്ഷണം, വൈദ്യുതി, ഇന്ധനം, മെഡിസിന്‍ എന്നിവയെല്ലാം ഇസ്രഈല്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ അടക്കം രംഗത്ത് വന്നിരുന്നു.

Content Highlight: UN warns 14,000 babies could die in Gaza in next 48 hours without aid

We use cookies to give you the best possible experience. Learn more