| Saturday, 15th March 2025, 1:31 pm

മ്യാന്‍മാറിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണവിതരണം നിര്‍ത്താനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: മ്യാന്മാറിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ വിതരണം മാര്‍ച്ച് അവസാനത്തോടെ അവസാനിപ്പിക്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് നടപടി.

അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും സംഘടനയ്ക്ക് നല്‍കിയിരുന്ന ഫണ്ട് വെട്ടിക്കുറച്ചതോടെ ഭക്ഷണ വിതരണം പ്രതിസന്ധിയിലാവുകയായിരുന്നു.

ഭക്ഷണ വിതരണം നിര്‍ത്തുന്നതോടെ ഏകദേശം പത്ത് ലക്ഷത്തോളം വരുന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് പട്ടിണിയിലാവുക. സൈനിക സര്‍ക്കാരും അവരുടെ ഭരണത്തെ എതിര്‍ക്കുന്ന സായുധ സംഘങ്ങളും തമ്മിലുള്ള പോരാട്ടം മൂലം കടുത്ത മാനുഷിക പ്രതിസന്ധിയിലാണ് മ്യാന്മാര്‍.

നിലവില്‍ മ്യാന്മാറില്‍ വിതരണം ചെയ്യുന്ന മിക്ക ഭക്ഷ്യ റേഷനുകളും ഏപ്രിലില്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. മ്യാന്‍മറില്‍ ഭക്ഷ്യ സഹായം തുടരാന്‍ 60 മില്യണ്‍ ഡോളര്‍ ആവശ്യമാണെന്നാണ് ഡബ്ല്യൂ.എഫ്.പിയുടെ കണക്ക്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ വിദേശ സഹായ പദ്ധതികള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചത് മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കുള്ള സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനടക്കം കാരണമായിട്ടുണ്ട്.

വെള്ളിയാഴ്ച്ച ഡബ്ലു.പി.എഫ് പുറത്തുവിട്ട പ്രസ്താവനയില്‍, 15.2 ദശലക്ഷം ആളുകള്‍ അതായത് മൊത്തം ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ആളുകള്‍ക്ക് ദൈനംദിന ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്നും, ഏകദേശം 2.3 ദശലക്ഷം പേര്‍ പട്ടിണി നേരിടുന്നുവെന്നും പറയുന്നുണ്ട്.

അതിനാല്‍ നിലവിലെ സ്ഥിതിയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, വൈകല്യമുള്ളവര്‍ എന്നിവരുള്‍പ്പെടെ ഏറ്റവും ദുര്‍ബലരായ 35,000 പേരെ മാത്രമേ സഹായിക്കാന്‍ കഴിയൂ എന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

‘രാജ്യത്തുടനീളമുള്ള ദുര്‍ബല ജനവിഭാഗങ്ങളില്‍ ഈ ഫണ്ട് ചുരുക്കല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അവരില്‍ പലരും ജീവിക്കാന്‍ ഡബ്ല്യൂ.പി.എഫിന്റെ പിന്തുണയെയാണ് ആശ്രയിക്കുന്നുണ്ട്. മ്യാന്‍മറിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു.

എന്നാല്‍ ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നതിന്‌ കൂടുതല്‍ അടിയന്തര ധനസഹായം നിര്‍ണായകമാണ്,’ ഡബ്ല്യൂ.പി.എഫ് പ്രതിനിധിയും മ്യാന്‍മറിലെ കണ്‍ട്രി ഡയറക്ടറുമായ മൈക്കല്‍ ഡണ്‍ഫോര്‍ഡ് പറഞ്ഞു.

മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനിലെ ക്യാമ്പുകളിലെ റോഹിങ്ക്യന്‍ സമൂഹം ഉള്‍പ്പെടെ, ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ഒരു ലക്ഷത്തോളം ആളുകളെയും ഈ തീരുമാനം ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: UN to halt food distribution to Rohingya refugees in Myanmar

We use cookies to give you the best possible experience. Learn more