ഏദന്‍: യെമനില്‍ സംഘര്‍ഷം ശക്തമാകുന്നതിനനുസരിച്ച് മാനുഷിക സാഹചര്യങ്ങള്‍ വഷളാവുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫൈാന്‍ ഡുജാറിക് മുന്നറിയിപ്പ് നല്‍കി. യെമനിലെ മരണസംഖ്യ സ്ഥിരീകരിച്ച കണക്കുകളേക്കാള്‍ വളരെ കൂടുതലായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മാസം തുടക്കം മുതല്‍ തായ്സ്, ഹൊദൈദ, മാരിബ്, ലാജ് എന്നീ ഗവര്‍ണറേറ്റുകളില്‍ നടന്ന 19 ആക്രമണങ്ങളില്‍ 55 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ വളരെ കൂടുതലായിരിക്കുമെന്ന് ഡുജാറിക് പറഞ്ഞു.
യെമനില്‍ നിന്ന് ജിബൂത്തിയിലേക്കുള്ള പലായനം വര്‍ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ആറ് മാസത്തിനുള്ളില്‍ 10,000 പേര്‍ക്ക് സഹായമെത്തിക്കാനായി ജിബൂട്ടി സര്‍ക്കാരും യുഎന്‍ സംഘങ്ങളും ശ്രമിക്കുന്നുണ്ടെന്ന് സ്റ്റഫാന്‍ ഡുജാരിക് അറിയിച്ചു. ബാബ് അല്‍ മന്ദബ് കടലിടുക്ക് കടന്ന് 2,800-ലധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒബോക്ക് മേഖലയില്‍ എത്തിയിട്ടുണ്ടെന്നും ടുജാരിക് പറഞ്ഞു.
‘ആ യാത്ര എത്രത്തോളം അപകടകരമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ,’ എന്നും യെനില്‍ നിന്നുള്ള പലായനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. പ്രവേശന നിയന്ത്രണങ്ങള്‍, ഫണ്ടിങ്് ക്ഷാമം, സിവിലിയന്‍ കേന്ദ്രങ്ങളെ ബാധിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ അന്താരാഷ്ട്ര പ്രതികരണത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെമനില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് കുടുംബങ്ങള്‍ക്ക് ദുരിതവും കനത്ത ആഘാതമാണ് നല്‍കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ ഏകോപന കാര്യ ഏകോപന ഓഫീസ് (ഒ.സി.എച്ച്.എ) പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ജിബൂട്ടിയിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്കുള്ള സഹായം വര്‍ധിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സി വ്യാഴാഴ്ച അറിയിച്ചു.
യെമനിലെ സാധാരണക്കാര്‍ക്കിടയിലുള്ള ആള്‍നാശം വര്‍ധിച്ചുവരികയാണ്. സഹായം ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കേണ്ടത് അടിയന്തര ആവശ്യമായി മാറിയിട്ടുണ്ടെന്നും ഒ.സി.എച്ച്.എ വ്യക്തമാക്കി.
സുരക്ഷാ പ്രശ്‌നങ്ങള്‍ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നു. വിതരണത്തിനായി 15,000 അടിയന്തര സഹായ കിറ്റുകള്‍ സജ്ജമാണെങ്കിലും റോഡുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ അവയില്‍ ഭൂരിഭാഗവും ആവശ്യമുള്ളവരിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ലെന്നും ഏജന്‍സി അറിയിച്ചു. സംഘര്‍ഷ മേഖലകളിലെ 17 വിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിട്ടതായി വേള്‍ഡ് ഫുഡ് പ്രോഗ്രാമും റിപ്പോര്‍ട്ട് ചെയ്തു.
യെമനിലെ സംഘര്‍ഷങ്ങളില്‍ നിന്ന് പലായനം ചെയ്ത 2,000-ത്തിലധികം പേര്‍ പുതുതായി ജിബൂട്ടി തീരത്തെത്തിയതായി യു.എന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) ഈ മാസം 13ന് അറിയിച്ചിരുന്നു. നിലവിലെ സംഘര്‍ഷങ്ങള്‍ കാരണം യെമനില്‍ ആകെ പലായനം ചെയ്യേണ്ടി വന്നവരുടെ എണ്ണം 85,818 ആയി ഉയര്‍ന്നെന്നും ഐ.ഒ.എം അന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പലായനം ചെയ്യുന്നവര്‍ക്ക് തങ്ങള്‍ കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും യു.എന്‍ ഏജന്‍സി അറിയിച്ചിരുന്നു. യെമന്‍ തീരത്ത് നിന്ന് കടലിന് കുറുകെ ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ഒബോക്ക് എന്ന നഗരത്തില്‍ വെച്ചാണ് സഹായ വിതരണം. യെമനില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ സഹായം ആവശ്യമാണെന്നും ഏജന്‍സി വ്യക്തമാക്കിയിരുന്നു.
യെമനില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ സമീപ ദിവസങ്ങളില്‍ വലിയ രീതിയിലുള്ള വര്‍ധനവുണ്ടായതായി തങ്ങളുടെ ഡിസ്‌പ്ലേസ്‌മെന്റ് ട്രാക്കിങ് മാട്രിക്സ് (ഡി.ടി.എം) വഴിയുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും ഐ.ഒ.എയുടെ പ്രസ്താവനയില്‍ പറയുന്നു. സെപ്റ്റംബര്‍ ആദ്യം മുതല്‍ 13 വരെ മാത്രം 82,164 പേര്‍ അവരവരുടെ വീടുകള്‍ വിട്ട് പലായനം ചെയ്തു. കുടുംബങ്ങള്‍ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും, ചിലര്‍ രാജ്യം തന്നെ വിട്ടുപോകുകയും ചെയ്യുന്നുവെന്നും ഐ.ഒ.എം ചൂണ്ടിക്കാട്ടുന്നു.
Content Highlight: UN spokesperson warns humanitarian situation in Yemen is deteriorating