| Saturday, 12th March 2016, 10:59 am

ദക്ഷിണ സുഡാനില്‍ സൈന്യത്തിന് ശമ്പളത്തിന് പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എന്‍: ശമ്പളത്തിന് പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സൈനികര്‍ക്ക് സുഡാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നതായി ഐക്യരാഷ്ട്രസഭ.

ആഭ്യന്തര യുദ്ധം നേരിടുന്ന സര്‍ക്കാര്‍ സൈനികര്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തു ഭരണമാറ്റത്തിനു ശ്രമിക്കുന്നവര്‍ കെട്ടിച്ചമച്ച കഥയാണ് യുഎന്‍ റിപ്പോര്‍ട്ടിനു പിന്നിലെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

കഴിഞ്ഞ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം 1300 ബലാല്‍സംഗങ്ങള്‍ രാജ്യത്ത് നടന്നുവെന്നാണ് ഐരാഷ്ട്രസഭയുടെ കണക്ക്.

അവിശ്വസനീയമായ ക്രൂരതകളാണ് വിമതരെ നേരിടുന്നതിന്റെ പേരില്‍ സൈന്യം നടത്തുന്നതെന്ന് യുഎന്‍.മനുഷ്യാവകാശ സമിതിയുടെ ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന്‍ തയാറാക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

രാജ്യത്തിനായി നിങ്ങള്‍ക്കു കഴിയുന്നതു ചെയ്യൂ, രാജ്യത്തു നിന്ന് നിങ്ങള്‍ക്കാവശ്യമുള്ളതു സ്വീകരിക്കൂ എന്നാണു സൈന്യത്തിനു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ ഉടമ്പടിയാണ് രാജ്യത്തെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ സൈന്യത്തിനു മൗനാനുവാദം നല്‍കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും, മക്കളുടെ മുന്‍പില്‍ അമ്മമാരെയും ക്രൂരമായി ബലാല്‍സംഗം ചെയ്യുക, എതിര്‍ക്കുന്നവരെ കൊന്നു തള്ളുക തുടങ്ങിയവ സൈന്യത്തിന്റെ നിസാര വിനോദങ്ങളാണെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

ഭര്‍ത്താവിനെ കൊന്നശേഷം തന്റെ 15 വസ്സുകാരിയായ മകളെ 10 സൈനികര്‍ ചേര്‍ന്ന് ഉപദ്രവിച്ചതിനെക്കുറിച്ചുള്ള ഒരു അമ്മയുടെ മൊഴി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

വിമതരെ സഹായിക്കുന്നുവെന്ന് സംശയമുള്ള കുട്ടികളേയും വികലാംഗരേയും പോലും സൈന്യം ജീവനോടെ കത്തിക്കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നതില്‍ വിമതരും ഒട്ടും പിന്നിലല്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 2013ല്‍ വൈസ് പ്രസിഡന്റ് റെയ്ക്ക് മാച്ചറിനെ പുറത്താക്കിയതിനേതുടര്‍ന്ന് ആരംഭിച്ച യുദ്ധം ഇതിനകം ലക്ഷക്കണക്കിന് ജീവനെടുത്ത് കഴിഞ്ഞു.

പുുറത്തുവരുന്ന കണക്കുകള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്ന ആക്രമണങ്ങളുടെ ചെറിയ ഒരു ശതമാനം മാത്രമാണെന്നും സെയ്ദ് പറയുന്നു. 2013ലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണിന് 2014ല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്.

കഴിഞ്ഞ വര്‍ഷം അറുപതിലധികം പേരെ സൈന്യം ഷിപ്പിങ് കണ്ടെയ്‌നറിനുള്ളിലടച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ വെളിപ്പെടുത്തുന്നു.

യുദ്ധത്തില്‍ പ്രതിപക്ഷത്തെ സഹായിച്ചു എന്നാരോപിച്ചായിരുന്നു ഈ ക്രൂരത. സുഡാനെതിരെ ശക്തമായ നടപടി വേണമെന്നും ആയുധ ഉപരോധമടക്കം ഏര്‍പ്പെടുത്തണമെന്നും കുറ്റക്കാരായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more