| Monday, 26th January 2026, 9:51 am

അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിങ്ങളോടുളള വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍ സമിതി

നിഷാന. വി.വി

ന്യൂദല്‍ഹി: അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിങ്ങളോടുള്ള വിവേചനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വംശീയ വിവേചന നിര്‍മാര്‍ജന സമിതി (സി.ഇ.ആര്‍.ഡി ).

പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ വംശീയ വിവേചനം, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, വിദ്വേഷ പ്രസംഗം, നിയമപാലകരുടെ അമിത ബലപ്രയോഗം എന്നിവ ചൂണ്ടികാട്ടിയാണ് 2026 ജനുവരി 26ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിക്ക് സി.ഇ.ആര്‍.ഡി കത്തയച്ചിരിക്കുന്നത്.

2025 മെയ് 12ന് അയച്ച കത്തിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ മറുപടിയില്‍ സമിതി അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ എടുക്കുന്ന പരിഹാര നടപടികളെകുറിച്ച് പരാമര്‍ശമില്ലെന്നും സമിതി ചൂണ്ടികാട്ടി.

ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങളെ അന്തിമ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കിയതിനെ കുറിച്ചുള്ള ആശങ്കകളും സമിതി കത്തില്‍ ഉയര്‍ത്തികാട്ടിയിട്ടുണ്ട്.

നടപടിക്രമങ്ങളിലെ തകരാറുകളും രേഖകള്‍ ഇല്ലാത്തതുമാണ് അതിന് കാരണമായി വിശദീകരിക്കുന്നത്.

വെരിഫിക്കേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാലും വിദേശികളുടെ ട്രൈബ്യൂണല്‍ നടപടിക്രമങ്ങള്‍ മരവിപ്പിച്ചതിനാലും സംശയ നിഴലില്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് അത് ചോദ്യം ചെയ്യാനാകാത്ത അവസ്ഥയാണുള്ളതെന്നും സമിതി അഭിപ്രായപ്പെട്ടു.

ബദല്‍ വീടുകളോ നഷ്ടപരിഹാരമോ നല്‍കാതെ ഒന്നിലധികം ജില്ലകളിലായി ബംഗാളി മുസ്‌ലിങ്ങളെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടത്തിയതായും സമിതി ചൂണ്ടികാട്ടി. ഇവര്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ബലപ്രയോഗങ്ങളും സംഘം ചേര്‍ന്നുളള അക്രമങ്ങളും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും സമിതി ഉദ്ധരിച്ചിട്ടുണ്ട്.

അസമിലെ ബംഗാളി സംസാരിക്കുന്ന മുസ് ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും പാലിക്കണമെന്ന് സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ ഇനി ആനുകാലിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ പ്രസ്തുത ആശങ്കകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച വിശദമായ വിവരങ്ങളും ഉള്‍ക്കൊള്ളിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Content Highlight: UN panel expresses concern over discrimination against Bengali-speaking Muslims in Assam

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more