ജെറുസലേം: ഇസ്രഈല്‍ കുടിയേറ്റക്കാരുടെ ആക്രമണത്തിന്റെ കാര്യത്തില്‍ വെസ്റ്റ്ബാങ്ക് ഒരു നിര്‍ണായക ഘട്ടത്തിലാണെന്ന് യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍. വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റ അക്രമങ്ങളും വീടുകള്‍ പൊളിച്ചുമാറ്റുന്ന സംഭവങ്ങളും പ്രദേശത്തെ ഫലസ്തീന്‍ സിവിലിയന്മാരുടെ കുടിയിറക്കവും അതീവ ആശങ്കാകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയതായി യു.എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലി അധികൃതര്‍ കുടിയേറ്റക്കാര്‍ക്ക് 12,360 വീടുകള്‍ കൂടി നിര്‍മിക്കാന്‍ അംഗീകാരം നല്‍കുകയോ തുടര്‍ നടപടികളിലേക്ക് പോവുകയോ ചെയ്തിട്ടുണ്ട്. 34 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കായുള്ള സഹായ ധനമായി അവര്‍ 431 മില്യണ്‍ ഡോളര്‍ അനുവദിച്ചെന്നും രക്ഷാസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെയാണ് (ഓഗസ്റ്റ് 11, ചൊവ്വ) യു.എന്‍ രക്ഷാ സമിതിയില്‍ വെസ്റ്റ് ബാങ്ക് വിഷയം ചര്‍ച്ച ചെയ്തത്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വ്യാപനം, കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ എന്നിവ അടിയന്തരമായി അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് രക്ഷാ സമിതി അംഗങ്ങള്‍ യു.എന്നിനോട് ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലെ താമസക്കാരെ കുടിയിറക്കുന്ന നടപടിയും കുട്ടികളെ തടങ്കലില്‍ വെക്കുന്ന നടപടിയും അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷമാണ് വെസ്റ്റ്ബാങ്കിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയുടെ യുഎന്‍ ഡെപ്യൂട്ടി സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ റമീസ് അലക്ബറോവ് രക്ഷാ സമിതിയില്‍ പറഞ്ഞു. നിയമവിരുദ്ധമായ ഇസ്രായേലി അധിനിവേശം കൂടുതല്‍ രൂക്ഷമാവുകയാണ്. ഇത് പലസ്തീന്‍ അതോറിറ്റിയെ തകര്‍ച്ചയുടെ വക്കിലെത്തിക്കുകയും സ്വതന്ത്രവും പ്രായോഗികവും പരമാധികാരമുള്ളതുമായ പലസ്തീന്‍ രാഷ്ട്രത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെസ്റ്റ്ബാങ്കില്‍ കുട്ടികളുടെ അവസ്ഥ ആശങ്കാകരമാണെന്ന് യുണിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹന്നാന്‍ സുലൈമാന്‍ പറഞ്ഞു. വീട്, സ്‌കൂള്‍, സമൂഹം തുടങ്ങിയ ഇടങ്ങളെല്ലാം കുട്ടികള്‍ക്ക് സുരക്ഷിതമല്ലാതായി മാറിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത കുട്ടികളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണെന്നും അവര്‍ പറഞ്ഞു. ചിലര്‍ക്ക് വെടിയേറ്റിട്ടുണ്ട്, ഓടിപ്പോകുമ്പോള്‍ പോലും. കുട്ടികള്‍ക്ക് സുരക്ഷയില്ലാത്തത് കാരണം സ്‌കൂളുകളിലേക്ക് അവരെ അയക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവാത്ത സാഹചര്യം വര്‍ധിക്കുകയാണെന്നും ഹന്നാന്‍ പറഞ്ഞു.
അക്രമത്തിനും ഭീഷണിക്കും വിധേയമാക്കുന്നത് കുട്ടികളില്‍ വലിയ മാനസികാഘാതമുണ്ടാക്കുന്നു. വെസ്റ്റ് ബാങ്കിലെ 800,000 കുട്ടികളുടെയും സാഹചര്യങ്ങള്‍ പ്രതിസന്ധി നിറഞ്ഞതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വെസ്റ്റ്ബാങ്കില്‍ 355 പലസ്തീന്‍ കുട്ടികള്‍ ഇസ്രഈല്‍ തടങ്കലില്‍ കഴിയുന്നുണ്ട്. അവര്‍ കഠിനമായ സാഹചര്യങ്ങളും മോശം പെരുമാറ്റവും നേരിടുന്നു. അവര്‍ പോഷകാഹാരക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഹന്നാന്‍ പറഞ്ഞു.
വെസ്റ്റ്ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റങ്ങള്‍ക്ക് നിയമസാധുതയില്ലെന്നും അവ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സമിതി യോഗത്തില്‍ യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ‘3.4 ദശലക്ഷം ഫലസ്തീന്‍കാര്‍ താമസിക്കുന്ന വെസ്റ്റ്ബാങ്ക് ഇസ്രഈല്‍ അധിനിവേശത്തിലാണ്. എന്നാല്‍ അവിടെയുള്ള എല്ലാ ഇസ്രഈലി കുടിയേറ്റങ്ങള്‍ക്കും നിയമപരമായ സാധുതയില്ല. ആ കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ‘നഗ്‌നമായ ലംഘനമാണ്,’ ഗുട്ടെറസ് പറഞ്ഞു.
അതേസമയം, 2024 ജനുവരി മുതല്‍ 2026 ജൂലൈ വരെ വെസ്റ്റ് ബാങ്കില്‍ 174 ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായി യു.എന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണെന്നും യു.എന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വെസ്റ്റ് ബാങ്കില്‍ എല്ലായിടത്തും പലസ്തീന്‍ ജനതയെ ലക്ഷ്യമിട്ട് ഇസ്രഈലി കുടിയേറ്റക്കാരുടെയും സൈന്യത്തിന്റെയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് റാമല്ല, നബ്ലസ്, ജറുസലേം ഗവര്‍ണറേറ്റുകളിലാണ് ഇവ കൂടുതലെന്നും യു.എന്‍ വ്യക്തമാക്കി.
ഇസ്രഈല്‍ അവരുടെ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് കാരണം വെസ്റ്റ് ബാങ്കില്‍ അക്രമങ്ങള്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിച്ചേരുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസ് കഴിഞ്ഞ മാസം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പ്രദേശത്തെ ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രഈലി സൈന്യവും കുടിയേറ്റക്കാരും ഒരുമിച്ച് ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ ഓഫീസ് ചൂണ്ടിക്കാട്ടിയിരുന്നു.
2023 ഒക്ടോബര്‍ ഏഴിനും 2026 ജൂലൈ 24 നും ഇടയില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 1,122 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ ദുരിതാശ്വാസ ഏജന്‍സിയായ ഒ.സി.എച്ച്.എയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ 76 പേര്‍ ഈ വര്‍ഷമാണ് കൊല്ലപ്പെട്ടത്.
ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയില്‍ മാത്രം ഇസ്രായേലി സൈന്യമോ ഇസ്രായേലി കുടിയേറ്റക്കാരോ നടത്തിയ ആക്രമണങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഒ.സി.എച്ച്.എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിയേറ്റക്കാര്‍ 35 ആക്രമണങ്ങള്‍ ഈ ദിവസങ്ങളില്‍ നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlight: UN officials: Occupied West Bank at ‘breaking point’