| Friday, 29th May 2026, 7:56 am

സംഘര്‍ഷ മേഖലകളിലെ ലൈംഗിക അതിക്രമങ്ങള്‍: ഇസ്രഈല്‍ യു.എന്‍ കരിമ്പട്ടികയില്‍; യു.എന്നെതിരെ ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സംഘര്‍ഷ മേഖലകളിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രഈലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എന്‍. കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനത്തിന് പിറകെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസുമായും അദ്ദേഹത്തിന്റെ ഓഫീസുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് ഇസ്രഈല്‍ പ്രഖ്യാപിച്ചു.

ഇസ്രഈലിനെ പുതിയ ലൈംഗിക അതിക്രമ കരിമ്പട്ടികയില്‍ പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് യു.എന്‍. പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇസ്രഈല്‍ അടക്കമുള്ള കക്ഷികള്‍ക്ക് കൈമാറിയിരുന്നു. ഇതിന് പിറകെ യു.എന്‍ സെക്രട്ടറി ജനറലിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഇസ്രഈലിന്റെ പ്രതികരണങ്ങളും പുറത്തുവന്നു.

യു.എനിലെ ഇസ്രഈല്‍ അംബാസിഡര്‍ ഡാനി ഡാനണ്‍ കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനത്തെ കുറ്റപ്പെടുത്തി. ‘ലൈംഗിക അതിക്രമങ്ങളെ യുദ്ധോപകരണങ്ങളായി ഉപയോഗിച്ചു എന്ന് ആരോപിച്ച് ഇസ്രഈലിനെ കരിമ്പട്ടികയില്‍ പെടുത്തുന്നത് അതിരുകടന്ന തീരുമാനമാണ്,’ എന്ന് ഡാനണ്‍ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

യു.എന്‍ സെക്രട്ടറി ജനറലും സംഘവും ഇസ്രഈലിനെതിരെ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഡാനണ്‍ അഭിപ്രായപ്പെട്ടു. ഈ സെക്രട്ടറി ജനറലിക്കൊണ്ട് സഹികെട്ടു. വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണ് യു.എന്‍ തീരുമാനമെന്നും ഡാനണ്‍ ആരോപിച്ചു.

ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം യു.എന്‍ തീരുമാനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രഈലിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനത്തെ നാണം കെട്ട തീരുമാനമെന്നും അസംബന്ധമെന്നും ഇസ്രഈല്‍ വിദേശ കാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. യു.എന്‍ ഒരു രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സംഘടനയാണെന്നും അവരുടെ തനിനിറം വ്യക്തമായെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഒറേന്‍ മര്‍മോര്‍സ്‌റ്റെയിന്‍ എക്‌സില്‍ പങ്കുവച്ച പ്രസ്താവനയില്‍ ആരോപിക്കുന്നു.

യു.എന്‍ അവര്‍ സ്ഥാപിക്കപ്പെട്ടപ്പോളുള്ള തത്വങ്ങള്‍ മറന്ന് ഇസ്രഈലിനെ ലക്ഷ്യം വയ്ക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടു.

ഗുട്ടേറസ് തലവാനിയിരിക്കുന്ന കാലത്തോളം സെക്രട്ടറി ജനറലിന്റെ ഓഫീസുമായി ഒരു ബന്ധവും തങ്ങള്‍ക്കുണ്ടാവില്ലെന്ന് യു.എനിലെ ഇസ്രഈല്‍ ദൗത്യ സംഘം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രഈലിനെ കരിമ്പട്ടികയില്‍ പെടുത്തുന്നത് നീണ്ടുപോയ തീരുമാനമാണെന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന യു.എന്‍ സ്‌പെഷല്‍ റപ്പോര്‍ട്ടര്‍ റീം അല്‍സലേം പ്രതികരിച്ചു. ഈ പട്ടിക നേരത്തെ വരേണ്ടതായിരുന്നു എന്നും അവര്‍ എക്‌സില്‍ കുറിച്ചു.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും എതിരെ ഭീകരമായ ലൈംഗിക അതിക്രമങ്ങള്‍ ഇസ്രഈല്‍ നടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വതന്ത്രമായി രേഖപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടും അവരെ പട്ടികയില്‍ പെടുത്താത്തതില്‍ താന്‍ മുമ്പ് നിരാശ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റീം വ്യക്തമാക്കി.

അതേസമയം, കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനത്തില്‍ ഇസ്രഈലിന്റെ പ്രതികരണത്തെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫേന്‍ ദുജാാറിക് പറഞ്ഞു. അംഗരാജ്യങ്ങള്‍ തങ്ങളുമായുള്ള ഇടപെടല്‍ തുടരണമെന്നാണ് കരുതുന്നത്. ബന്ധം അവസാനിപ്പിക്കുന്നതിലും നല്ലത് ചര്‍ച്ചകള്‍ തുടരുന്നതാണെന്നും ദുജാരിക് അഭിപ്രായപ്പെട്ടു. തങ്ങളുടെ ഭാഗത്ത് നിന്ന് വാതിലുകള്‍ എപ്പോഴും തുറന്നിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: UN Blacklisted Israel On Sexual Violence in Conflict zones- Israel Criticized UN

We use cookies to give you the best possible experience. Learn more