| Saturday, 7th March 2026, 2:22 pm

ഇതിനേക്കാളും വലിയൊരു ദുരന്തം ഇനി വരാനില്ല; പശ്ചിമേഷ്യയിലെ സംഘർഷത്തിൽ മുന്നറിയിപ്പ് നൽകി യു.എൻ

മുഹമ്മദ് നബീല്‍

ഹാമിൽട്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം ആർക്കും നിയന്ത്രിക്കനാവാത്തവിധം വ്യാപിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭയുടെ ചീഫ് അന്റോണിയോ ഗുട്ടറസ് .

പശ്ചിമേഷ്യയിലെ നിയമവിരുദ്ധമായ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും, ദുർബലരായ ജനവിഭാഗങ്ങൾക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞു.

സംഘർഷം ആർക്കും നിയന്ത്രിക്കനാവാത്തവിധം വ്യാപിക്കുകയാണ്, യുദ്ധം അവസാനിപ്പിക്കാനും നയതന്ത്ര ചർച്ചകളിലേക്ക് കടക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം എല്ലാ കക്ഷികളോടുമായി ആവശ്യപ്പെട്ടു. ഇതിനെക്കാളും വലിയ ഒരു ദുരന്തം വരാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ കക്ഷികളും നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്നും അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാരിക്ക് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഊർജ വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, ഇതിന്റെ ആഘാതം ആഗോളതലത്തിൽ പ്രതിഫലിക്കുമെന്നും എണ്ണവിലയിലെ വർദ്ധനവ് ഇതിനകം തന്നെ കണ്ടുകഴിഞ്ഞു എന്നും പറഞ്ഞു.

സ്ഥിതി എത്രത്തോളം വഷളാകുമെന്ന ചോദ്യത്തിന് സാഹചര്യം ഇതിലും മോശമായാൽ എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അത് രാജ്യങ്ങൾ തമ്മിലുള്ള ഐക്യം ഇല്ലാതാകുമെന്നും, സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്നും ഹോർമുസ് കടലിടുക്കിന് ഗതാഗതം പ്രതിസന്ധിയിലാക്കുമെന്നും മനസ്സിലാക്കാൻ വലിയ പ്രയാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലെബനനിൽ വ്യാപകമായി പലായനം നടക്കുന്നതായും, ഇത് ജനങ്ങളിൽ വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിനെ ഉദ്ധരിച്ചുകൊണ്ട് ഡുജാരിക്ക് സൂചിപ്പിച്ചു.

ലെബനനിൽ ഡസൺ കണക്കിനുപേർ കൊല്ലപ്പെട്ടതായും ഒരുലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതായും യു.എൻ ചീഫിന്റെ പ്രതിനിധി പറഞ്ഞു.

Content Highlight: UN against the west Asian crisis

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more