| Wednesday, 3rd December 2025, 3:57 pm

കിഴക്കന്‍ ജെറുസലേം ഉള്‍പ്പടെ 1967 മുതല്‍ ഇസ്രഈല്‍ കൈക്കലാക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും പിന്മാറണം; പ്രമേയം അംഗീകരിച്ച് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: 1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രഈല്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന കരട് പ്രമേയത്തിന് യു.എന്‍ പൊതുസഭയുടെ അംഗീകാരം.

ജെറുസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ അതിര്‍ത്തികളില്‍ 1967ന് ശേഷം വന്ന മാറ്റങ്ങള്‍ അംഗീകരിക്കരുതെന്നും നിയമവിരുദ്ധമായി നടത്തിയ ഒരു കുടിയേറ്റങ്ങള്‍ക്കും സഹായങ്ങളും പിന്തുണയും നല്‍കരുതെന്നും യു.എന്‍ പ്രമേയം ആവശ്യപ്പെടുന്നു.

ഫലസ്തീന്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം എന്ന വിഷയത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഖത്തര്‍, ഫലസ്തീന്‍, സെനഗല്‍, ജോര്‍ദാന്‍, ജിബൂട്ടി, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം തയ്യാറാക്കിയത്.

യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച കരട് പ്രമേയത്തെ അംഗീകരിച്ച് 151 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു. 11 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും 11 രാഷ്ട്രങ്ങള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

അന്താരാഷ്ട്ര നീതിന്യായ കോടതി ഫലസ്തീനിന്റെ പ്രദേശങ്ങളില്‍ ഇസ്രഈല്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും എത്രയും പെട്ടെന്ന് അധിനിവേശം അവസാനിപ്പിക്കണമെന്നും കഴിഞ്ഞ ജൂലൈയില്‍ ആവശ്യപ്പെട്ടിരുന്നു.

യു.എസിന്റെ സമാധാന പദ്ധതിയു വെടിനിര്‍്തതല്‍ കരാറും അംഗീകരിച്ചതിന് ശേഷവും ഇസ്രഈല്‍ ഗസയില്‍ ആക്രമണം തുടരുകയാണ്.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാത്രം 357 ഫലസ്തീനികളെ ഇസ്രഈല്‍ വിവിധ ആക്രമണങ്ങളില്‍ കൊലപ്പെടുത്തിയെന്ന് ഗസ ആരോഗ്യ മന്ത്രാലയവും സര്‍ക്കാര്‍ മീഡിയ ഓഫീസും റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ കരാര്‍ 50 ദിവസം പിന്നിടുമ്പോഴാണ് കണക്കുകള്‍ പുറത്തെത്തിയിരിക്കുന്നത്.

അതേസമയം, 2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 70,100 ഫലസ്തീനികളാണ്. 170965 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: UN adopts resolution calling for Israel to withdraw from all Palestinian territories occupied since 1967, including East Jerusalem

We use cookies to give you the best possible experience. Learn more