| Tuesday, 8th September 2020, 8:06 pm

'അടിയന്തിരാവസ്ഥ രാജ്യത്ത് അച്ചടക്കമുണ്ടാക്കി'; ചാരക്കേസില്‍ തെറ്റുപറ്റിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ദിരാഗാന്ധി ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥ രാജ്യത്ത് അച്ചടക്കവും മുന്നോട്ടു പോകുന്നതിനുള്ള അനുകൂലമായ സ്ഥിതിയും ഉണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.

പത്രങ്ങ്ള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സെന്‍സെര്‍ഷിപ്പ് മാത്രമാണ് തെറ്റിപ്പോയെന്ന് താന്‍ കരുതുന്നതെന്നും ഉമ്മന്‍ ചാണ്ടിക്കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രങ്ങള്‍ ജനാധിപത്യത്തിലുള്ള തിരുത്തല്‍ ശക്തി തന്നെയാണെന്നും അതിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത് തെറ്റായിപ്പോയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ദിരാഗാന്ധി മറ്റേതൊരു നേതാവിനെക്കഴിഞ്ഞു രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇടതുപക്ഷവുമായുള്ള ഐക്യത്തിനോട് മാനസികമായി യോജിപ്പില്ലായിരുന്നുവെന്നും എന്നാല്‍ താന്‍ അത് എതിര്‍ട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഒരു വിധത്തിലുള്ള തെറ്റും തനിക്ക് പറ്റിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടതിന് ചാരക്കേസുമായി ഒരു ബന്ധവുമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പാര്‍ട്ടി തനിക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ തനിക്ക് നല്‍കിയ സ്നേഹം താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നും താന്‍ പൂര്‍ണ സംതൃപ്തനാണെന്നും ഇക്കാര്യത്തില്‍ അതേ പറയാനുള്ളൂവെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

മുഖ്യമന്തിയാകാനുള്ള ഊഴം രമേശ് ചെന്നിത്തലയ്ക്ക് കിട്ടുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു തീരുമാനം ദല്‍ഹിയില്‍ നിന്ന് എടുക്കുന്നതാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിന് അര്‍ഹനാണോ എന്ന ചോദ്യത്തിന് എന്താണ് സംശയം എന്നായിരുന്നു ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്. അദ്ദേഹം നല്ല പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു.എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നാണ് തീരുമാനം ഉണ്ടാകുന്നതെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ummanchandi says emergency was not a mistake

We use cookies to give you the best possible experience. Learn more