| Friday, 18th September 2020, 5:42 pm

ഉമറിലെ മുസ്‌ലിമും കമ്യൂണിസ്റ്റും രാഷ്ട്രീയത്തിലെത്തുമ്പോള്‍ | യോഗേന്ദ്ര യാദവ് എഴുതുന്നു

യോഗേന്ദ്ര യാദവ്

ദ പ്രിന്റിലെ കോളമിസ്റ്റ് കൂടിയായ എന്റെ സുഹൃത്ത് ഹിലാല്‍ അഹമ്മദിന്റെ സ്റ്റഡി ടേബിളിനുമേല്‍ നിരവധി സാധനങ്ങള്‍ നിരന്നു കിടക്കും. അഞ്ച് നേരം നിസ്‌കരിക്കുന്ന മതവിശ്വാസിയാണെന്ന് സൂചിപ്പിക്കുന്ന കഅബാലയ നിര്‍മ്മിതിയും അവിടെ കാണാം. അതിന് തൊട്ടടുത്തായി മാര്‍ക്സിസ്റ്റ് ഭൗതിക പാരമ്പര്യത്തിന്റെ അടയാളമായി ചെഗ്വേരയുടെ ഒരു ചിത്രവുമുണ്ട്. തീര്‍ന്നില്ല തന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെയും വിശ്വാസത്തെയും സൂചിപ്പിക്കുന്ന മഹാത്മഗാന്ധിയുടെ ഒരു ചിത്രവും അവിടെ കാണാം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചില കാര്യങ്ങള്‍ വിചിത്രമായി അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്, നിശ്ചയമായും അതെന്റെ സുഹൃത്ത് ഹിലാല്‍ ചെയ്യുന്നതിലല്ല. നമ്മള്‍ അത് വിചിത്രമായി കാണുന്നു എന്നിടത്താണ്. എല്ലാത്തിലുമെന്ന പോലെ കാഴ്ച്ചക്കാരന്റെ കണ്ണുകളിലാണ് അസാധാരണത്വവും നില്‍ക്കുന്നത്.

നമുക്ക് ഹിലാലിന്റെ ടേബിളിന് മുന്നില്‍ കാണുന്നത് അസാധാരണമായി തോന്നും, അതിലും ഉപരിയായി ഒരു ബംഗാളി കുടുംബത്തിന്റെ വീട്ടില്‍ രാമകൃഷ്ണ പരമഹംസയുടെയും ലെനിന്റെയും ഫോട്ടോ ഒരേ ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കാണുന്നത് നമുക്ക് അസ്വാഭാവികമാണ്. എന്തെന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്വത്വ പരിവേഷം മറ്റെന്തിനേക്കാളും ഇടുങ്ങിയതാണ്.

ക്രൂരമായ രണ്ടു തെരഞ്ഞെടുപ്പുകള്‍

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സ്വത്വപരമായ ഈ ചോദ്യം എന്നിലേക്ക് വീണ്ടും തിരിച്ചെത്തിയത്. നിങ്ങള്‍ ചെറുപ്പമാണ്, നിങ്ങള്‍ വിപ്ലവകാരിയാണ്, നിങ്ങള്‍ ഇന്ത്യക്കാരനാണ്, നിങ്ങള്‍ മുസ്‌ലിമുമാണ്. നിങ്ങളുടെ മനസാക്ഷിയെ വഞ്ചിക്കുകയോ, സ്വയം തടവിലാക്കുകയോ ചെയ്യാതെ ഇതെല്ലാമാകാന്‍ ഓരാള്‍ക്ക് സാധിക്കുമോ? ഇത് ഉമര്‍ ഖാലിദിന്റെ മാത്രം ധര്‍മ്മ സങ്കടമല്ല. ദശലക്ഷണക്കണക്കിന് വിദ്യാസമ്പന്നരായ ഇന്നത്തെ ഇന്ത്യന്‍ മുസ്ലിം യുവാക്കളെ വേദനയിലാഴ്ത്തുന്ന പ്രശ്നമാണത്.

സര്‍വ്വകലാശാലയിലായിരിക്കുന്ന സമയത്ത് അനേകം മുസ്‌ലിം യുവാക്കള്‍ കഠിനമായ ഈ തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തങ്ങള്‍ സൃഷ്ടിച്ചതല്ലാത്ത ചരിത്രത്തിന്റെ ഭാരമേറ്റി, സ്വന്തം രാജ്യത്തോടുള്ള വിധേയത്വം ചോദ്യം ചെയ്യപ്പെട്ട്, ഒന്നുകില്‍ മുസ്ലിം സ്വത്വത്തെ വെടിയുക, അല്ലെങ്കില്‍ വിപ്ലവാത്മകത വെടിയുക എന്നതിലേതെങ്കിലുമൊരു അനുനയത്തിലേക്ക് എത്തിച്ചേരാന്‍ അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.

എനിക്കറിയുന്ന ഭൂരിഭാഗം ഇടതുപക്ഷ സഹയാത്രികരും ഒന്നാമത്തെ പാതയാണ് സ്വീകരിച്ചത്. അവര്‍ നിരീശ്വരവാദികളായി, തങ്ങളുടെ കുടുംബവുമായും സമുദായവുമായി അകന്നു, മതേതരമായ ഒരു കോസ്മോപൊളിറ്റിയന്‍ നഗരങ്ങളിലേക്ക് വീട് മാറി. ഇക്കൂട്ടത്തില്‍. തങ്ങള്‍ ഒറ്റപ്പെട്ട ഒരു മുസ്‌ലിം മാത്രമായി മാറിയെന്ന് വളരെ വൈകി തിരിച്ചറിഞ്ഞവരുമുണ്ട്. അല്ലാത്തവര്‍ തങ്ങളുടെ വിപ്ലവാത്മകത മാറ്റിവെച്ച് യാഥാസ്ഥിതിക മുസ്‌ലിമായി സ്വന്തം കരിയര്‍ ഉണ്ടാക്കി സ്വയമൊന്ന് കണ്ണാടിയില്‍ നോക്കാന്‍ പോലും പ്രയാസപ്പെട്ട് ജീവിച്ചു.

മൂന്നാം വഴി

ഈ ധര്‍മ്മസങ്കടത്തില്‍ നിന്ന് വിഭിന്നമായൊരു പാതയാണ് ഉമര്‍ ഖാലിദ് തെരഞ്ഞെടുത്തത്. പ്രശസ്തനാകുന്നതിന് മുമ്പേ 2016ലെ ജെ.എന്‍.യുവിലെ സെഡിഷന്‍ കേസുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെ എനിക്ക് അറിയാമായിരുന്നു. ഇത് കെട്ടിച്ചമച്ച കേസാണെന്നും, കന്നയ്യ കുമാറിനെതിരെയോ ഉമറിനെതിരെയോ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവ് പോലുമില്ലെന്ന് അന്നേ ഞാന്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.

എന്നിട്ടും വ്യവസ്ഥാപിത ഇടതുപക്ഷത്തിനുമപ്പുറമുള്ള ഈ തീവ്ര യുവ ഇടത് നേതാവിനെക്കുറിച്ച് ഞാന്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തിയിരുന്നു. ഇത്തരത്തിലുള്ള പലതും ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുണ്ട്. അവരുടെ ആദര്‍ശവാദവും ത്യാഗവും എന്നെ ആകര്‍ഷിച്ചു. പക്ഷേ അവരുടെ പ്രത്യയശാസ്ത്രം എന്നെ നിരാശയിലാഴ്ത്തുന്നതായിരുന്നു. ഇവരേത് ലോകത്താണ് ജീവിക്കുന്നതെന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉമര്‍ ഖാലിദിനെ അടുത്തറിഞ്ഞത് എനിക്കൊരു വലിയ സര്‍പ്രൈസ് ആയിരുന്നു. തികച്ചും പ്രാക്റ്റിക്കലായ ഒരു വ്യക്തിയാണ് ഉമര്‍.

ഇന്ത്യന്‍ ഭരണകൂടത്തെ അക്രമാസക്തമായി അട്ടിമറിക്കുന്നതിന്റെ വിപ്ലവാത്മകമായ ഫാന്റസികള്‍ക്ക് അപ്പുറത്തേക്ക് നോക്കുന്ന ഉമര്‍ ജനാധിപത്യ രാഷ്ട്രീയത്തിന്റെ താറുമാറായ വഴികളിലൂടെ നടക്കാന്‍ തയ്യാറുമാണ്. ജാതി, ലിംഗം തുടങ്ങിയ ചോദ്യങ്ങളെ നേരിടുന്ന ഉമര്‍ ഖാലിദ് ഭാവിയില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ഇടതുപക്ഷ നേതാവാണ്.

ഒരു  മുസ്‌ലിമായി നില്‍ക്കുകയും അതേ സമയം കേവലം ഒരു മുസ്ലിം മാത്രമാകാത്തിടത്തുമാണ് ഉമര്‍ ഖാലിദ് എന്നെ സത്യത്തില്‍ ഞെട്ടിപ്പിച്ചത്.
അദ്ദേഹത്തിന്റെ പിതാവ് ഒരു ജമാത്തെ ഇസ്ലാമിയാണ്. ഒരു  മുസ്‌ലിം മതമൗലികവാദിയോ  മുസ്‌ലിം സ്വത്വത്തെ മൊത്തത്തില്‍ ഒഴിവാക്കുന്നയാളോ ആയി ഉമര്‍ മാറാത്തത് ശ്രദ്ധേയമാണ്.

അദ്ദേഹം ഒരു വിശ്വാസിയോ  മുസ്‌ലിമോ അല്ല. എന്റെ സുഹൃത്ത് ഹിലാലിനെ പോലെ അദ്ദേഹം നിസ്‌കരിക്കാറില്ല. അദ്ദേഹത്തിന്റെ പങ്കാളിയും രാഷ്ട്രീയ ബൗദ്ധിക കൂട്ടാളിയും ഒരു ബംഗാളി ഹിന്ദുവാണ്. അത് തീര്‍ച്ചയായും  മുസ്‌ലിം വിഭാഗത്തിനെ അത്ര സന്തോഷിപ്പിക്കുന്നതല്ല. സവര്‍ണ മുസ്ലിങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന  മുസ്‌ലിം വിഭാഗത്തിലെ പിന്നാക്കക്കാരെക്കുറിച്ച് അദ്ദേഹം സംസാരിക്കും. ഇടതായിരിക്കുക എന്നത് മുസ്‌ലി രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലമായി ഒരു വലിയ നോ ആണല്ലോ.

എന്നിട്ടും ഉമര്‍ ഖാലിദ് ഒരു  മുസ്‌ലിമായിരിക്കുന്ന അനുഭവങ്ങളെക്കുറിച്ച് കര്‍ക്കശമായി സംസാരിക്കും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്‍പ്പെടെ പറയുന്ന സമുദായത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. അതിനെ ദളിത്, ആദിവാസി, മുസ്ലിം, ഒ.ബി.സി, തുടങ്ങിയ പാര്‍ശ്വവത്കൃത വിഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് ഉമര്‍.

മറ്റേതൊരു സമുദായത്തില്‍ നിന്നുമുള്ള മറ്റേതൊരു നേതാവും പറയുന്നതു പോലെ ഭരണഘടനാ അവകാശങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ഇതിനപ്പുറം പാര്‍ശ്വവത്കൃതമായ എല്ലാ വിഭാഗങ്ങളോടുമുള്ളതില്‍ നിന്ന് വിഭിന്നമായി  മുസ്‌ലിങ്ങളോടുള്ള വിവേചനങ്ങളെക്കുറിച്ചും ഉമര്‍ കടുത്ത ശബ്ദത്തില്‍ പ്രതികരിക്കുന്നു. ഉമര്‍ വളരെ വ്യക്തയോടെയും ധാരണയോടെയുമാണ് സംസാരിക്കുന്നത്.

അതാണ് ഉമര്‍ ഖാലിദ്. യുവത്വവും, ആദര്‍ശവും, വിപ്ലവാത്മകതയും നിറഞ്ഞ് നില്‍ക്കുന്ന ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലാത്ത ഇന്ത്യക്കാരന്‍, മുസ്‌ലിം ഒരേ സമയം ഇതെല്ലാമാണ് ഉമര്‍. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ  മുസ്‌ലിം യുവത്വത്തിന്റെ ഐക്കണായി ഉമര്‍ ഖാലിദ് മാറുന്നതും. പ്രത്യേകിച്ചും വാര്‍പ്പ് മാതൃകകളില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാസമ്പന്നരായ മധ്യവര്‍ഗ  മുസ്‌ലിംകള്‍ക്ക്.

ഏറ്റവും ഭീകരമായ യു.എ.പി.എ ചുമത്തി പരിഹാസ്യമായ കുറ്റമാരോപിച്ച് ആ ഉമര്‍ ഖാലിദ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. 2018 മുതല്‍ പൊലീസ് നിരീക്ഷണത്തിലുള്ള, ഉമര്‍- ഇലക്ട്രോണിക് ഡിവൈസുകള്‍ വരെ പൊലീസിന് നീരീക്ഷിക്കാന്‍ അനായാസം സാധിക്കുന്ന സമയത്ത് ഗൂഢാലോചന നടത്തി രാജ്യതലസ്ഥാനത്ത് കലാപം ഉണ്ടാക്കിയെന്നാണ് ദല്‍ഹി പൊലീസ് പറയുന്നത്. നിങ്ങള്‍ക്ക് വര്‍ഗീയാതിക്രമത്തിനൊഴികെ മറ്റെന്തിനും ഇടതുപക്ഷക്കാരെ കുറ്റപ്പെടുത്താം.

അത് തന്നെയാണ് ഉമര്‍ ഖാലിദിന്റെ വിഷയത്തില്‍ ദല്‍ഹി പൊലീസിന് ആവശ്യവും. താനെപ്പോഴും നിശിതമായി വിമര്‍ശിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഉമര്‍ ഖാലിദിന് ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് ദല്‍ഹി പൊലീസ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്ന സമയത്ത് ഇന്ത്യയില്‍ കലാപം സൃഷ്ടിക്കാന്‍ ഉമര്‍ പദ്ധതിയിട്ടുവെന്ന് നിങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുകയാണ് വേണ്ടത്. അവനൊരു യാദവോ യെച്ചൂരിയോ ആയിരുന്നെങ്കില്‍ ഈ കുറ്റകൃത്യങ്ങളെല്ലാം ചിരിച്ചു തളളപ്പെട്ടേനെ. അല്ലെങ്കില്‍ കുറച്ചുകൂടി നന്നായി തിരക്കഥയെഴുതാന്‍ സാധിക്കുന്ന ഒരാളെ ദല്‍ഹി പൊലീസ് ഇതിന് നിയോഗിച്ചേനെ. പക്ഷേ അവനൊരു മുസ്‌ലിമാണ്.

ഞാന്‍ സ്വതന്ത്രനായിരിക്കുന്നതിലുമുപരി തടവിലാക്കപ്പെടുമ്പോഴാണ് എന്റെ ലക്ഷ്യം നിറവേറുക എന്ന ബാല ഗംഗാധര്‍ തിലക് പറഞ്ഞത് പോലെ ഉമര്‍ ഖാലിദിന്റെ അറസ്റ്റ് അവനെ സംബന്ധിച്ചിടത്തോളവും അവന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ചിടിത്തോളവും വെല്ലുവിളിയല്ല. അവന്‍ അര്‍ഹിക്കുന്നത് പോലെ തന്നെ ഒരു ദേശീയ നായകനായി അവനുയരും.

ഒരു തലമുറയിലെ ഇന്ത്യന്‍  മുസ്‌ലിംകള്‍ക്ക് മാന്യവും ജനാധിപത്യപരവുമായ ഒരു തെരഞ്ഞെടുപ്പ് അടയ്ക്കുന്നു എന്നിടത്താണ് ദുരന്തം. അത് ഇന്ത്യയുടെ ആശയത്തിനും വിപത്താണ്.

മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി പ്രിന്റിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Umar Khalid – UAPA Arrests – Delhi Riot

യോഗേന്ദ്ര യാദവ്

Latest Stories

We use cookies to give you the best possible experience. Learn more