| Saturday, 13th June 2026, 5:07 pm

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ കോടതി ദല്‍ഹി പൊലീസിന്റെ പ്രതികരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ സമരകാലത്തെ കേസുകളില്‍ വിചാരണ തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ കോടതി ദല്‍ഹി പൊലീസിന്റെ പ്രതികരണം തേടി. വിഷയം ജൂലൈ നാലിന് കോടതി വീണ്ടും പരിഗണിക്കും.

ദല്‍ഹി കര്‍കര്‍ദൂമ കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യഹരജികള്‍ പരിഗണിച്ചത്. യു.എ.പി.എ പ്രകാരം അടക്കമുള്ള കേസുകളിലാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

ഷര്‍ജീലിനും ഒമറിനും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിയില്‍ അടുത്തിടെ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഇരുവരും ജാമ്യാപേക്ഷ സമര്‍പിച്ചിട്ടുള്ളത്.

ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ട് ആറ് മാസം കഴിഞ്ഞെന്നും ഇപ്പോഴും വിചാരണ നടപടികളില്‍ അര്‍ത്ഥവത്തായ പുരോഗതിയില്ലെന്നും ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ജനുവരിയിലാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചത്. ഈ നടപടിയില്‍ ഈ വര്‍ഷം മെയിലാണ് സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച് വിയോജിപ്പ് അറിയിച്ചത്.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ജനുവരിയില്‍ ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചത്. ബി.വി. നാഗരത്‌ന, ഉജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ചാണ് മേയില്‍ ജനുവരിയിലെ വിധിയെ ചോദ്യം ചെയ്തത്.

നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ജാമ്യം നിഷേധിച്ചതെന്നായിരുന്നു ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചത്.

യു.എ.പി.എ കേസുകളില്‍ വിചാരണക്കുള്ള കാലതാമസം ജാമ്യം നല്‍കാന്‍ മതിയായ കാരണമാണെന്ന് 2021ലെ കെ.എം. നജീബ് കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുണ്ട്. ഈ വിധി ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് മറികടന്നു. കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ നേരത്തെയുള്ള വിധികള്‍ കുറഞ്ഞ അംഗങ്ങളുള്ള ബെഞ്ച് പിന്തുടരേണ്ടതുണ്ടെന്ന് നാഗരത്‌നയുടെയും, ഉജല്‍ ഭുയ്യാന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

വലിയ ബെഞ്ചിന്റെ വിധിന്യായത്തെ മറികടക്കാന്‍ ചെറിയ ബെഞ്ചിന് സാധിക്കില്ലെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു. അങ്ങനെ മറികടക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ജാമ്യമാണ് നിയമമെന്നും ജയില്‍ എന്നത് അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് എന്നുമുള്ള വ്യവസ്ഥ യു.എ.പി.എ കേസുകളിലും ബാധകമാണെന്നും അന്ന് നാഗരത്‌നയുടെയും, ഉജ്ജല്‍ ഭുയ്യാന്റെയും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Content Highlight: Umar Khalid, Sharjeel Imam apply for bail again in Delhi court

Latest Stories

We use cookies to give you the best possible experience. Learn more