ഡബ്ലിന്‍: 2020 ലെ ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ആറ് വര്‍ഷത്തോളമായി വിചാരണയില്ലാതെ ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌ക്കാരം. അയര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ ഫ്രണ്ട് ലൈന്‍ ഡിഫന്റെഡേഴ്‌സ്’ ഏര്‍പ്പെടുത്തിയ ഹ്യൂമന്‍സ് റൈറ്റ്‌സ് ഡിഫന്റേഴ്‌സ് അറ്റ്‌സിക് പുരസ്‌ക്കാരത്തിനാണ് അദ്ദേഹം അര്‍ഹനായിരിക്കുന്നത്.
ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
2020 സെപ്റ്റംബര്‍ മുതല്‍ ദല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്നതിനാല്‍ ഉമര്‍ ഖാലിദിന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
ഏഷ്യ-പസഫിക് മേഖലയില്‍ നിന്നാണ് ഖാലിദിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
തുടര്‍ച്ചയായി ആറ് വര്‍ഷത്തോളമായി വിചാരണ പോലും തുടങ്ങാതെ ഉമര്‍ ഖാലിദിനെ ജയിലില്‍ അടച്ചിരിക്കുന്നത് ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്ന് ഫ്രണ്ട് ലൈന്‍ ഡിഫന്‍ഡേഴ്‌സ് കുറ്റപ്പെടുത്തി.
കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ വിചാരണയ്ക്ക് മുന്‍പുള്ള ശിക്ഷയായി മാറുകയാണ്. അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ദല്‍ഹി പോലീസ് ആരോപിക്കുന്ന ഉമര്‍ ഖാലിദിന്റെ അമരാവതി പ്രസംഗം, യഥാര്‍ത്ഥത്തില്‍ ഗാന്ധിയന്‍ മാതൃകയിലുള്ള സമാധാനപരമായ പ്രതിഷേധത്തിനുള്ള ആഹ്വാനമായിരുന്നുവെന്നും പുരസ്‌കാര സമിതി നിരീക്ഷിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് ദല്‍ഹി ഹൈക്കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും തള്ളിയതിന് പിന്നാലെയാണ് ഈ അന്താരാഷ്ട്ര അംഗീകാരം തേടിയെത്തുന്നത്.
Content Highlight:Umar Khalid receives International Human Rights Award; award committee states his imprisonment is evidence of the suppression of dissent in India.