| Wednesday, 29th April 2026, 11:28 am

ഉമര്‍ ഖാലിദ് രാജ്യസ്‌നേഹിയാണ്, ദേശ വിരുദ്ധനല്ല; അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ എനിക്ക് വിശ്വാസമുണ്ട്: പ്രകാശ് രാജ്

നിഷാന. വി.വി

ബെംഗളൂരു: സാമൂഹിക പ്രവര്‍ത്തകനും ദല്‍ഹി കലാപ കേസില്‍ കുറ്റാരോപിതനുമായ ഉമര്‍ ഖാലിദ് ദേശവിരുദ്ധനല്ലെന്നും മറിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളെന്നും നടനും ചിന്തകനുമായ പ്രകാശ് രാജ്.

ഉമര്‍ ഖാലിദ് ജയിലിലാണെന്ന് കരുതുന്നില്ല, കാരണം അദ്ദേഹത്തിന്റെ ചിന്തകളും പോരാട്ടങ്ങളും നമ്മുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. ഉമറിന്റെ പ്രവര്‍ത്തനങ്ങളിലും പോരാട്ടങ്ങളിലും സത്യമുണ്ടെന്നും അതില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന്റെ ‘ ഉമര്‍ ഖാലിദ് ആന്‍ഡ് ഹിസ് വേള്‍ഡ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള പി.യു.സി.എല്‍, എ.ഐ.എല്‍.എ.ജെ ബഹുത്വ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്രയും ഉയര്‍ന്ന പൊലീസ് സുരക്ഷയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഈ ഒരു അവസ്ഥയില്‍ പുസ്തകത്തെ ബുക്ക് ജിഹാദ് എന്ന് വിളിക്കുന്നതില്‍ അതിശയിക്കാനില്ല,’ ചരിത്രകാരിയായ ജാനകി നായര്‍ പരിഹസിച്ചു. ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പോരാട്ടം ഒരു ചരിത്രം സൃഷ്ടിച്ചുവെന്നും അവര്‍ പറഞ്ഞു.

ഉമര്‍ഖാലിദിന്റെ പുസതകത്തിലെ ഉപന്യാസങ്ങള്‍ എല്ലാവരും വായിക്കണമെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ പറഞ്ഞു. പുസ്തകത്തിന്റെ എഡിറ്റര്‍മാരായ അനിര്‍ബന്‍ ഭട്ടാചാര്യ, ബനജ്യോത്സന ലാഹിരി, ശുദ്ധഭ്രത് സെന്‍ഗുപ്ത എന്നിവര്‍ ഉമര്‍ ഖാലിദിന്റെ തിരഞ്ഞെടുത്ത രചനകള്‍ വായിച്ചു.

പി.യു.സി.എല്‍ ദേശീയ സെക്രട്ടറി അരവിന്ദ് നരേന്‍, എ.ഐ.എല്‍.എ ജനറല്‍ സെക്രട്ടറി ക്ലിഫ്റ്റണ്‍ റൊസാരിയോ, ബഹുത്വ കര്‍ണാടകയുടെ പി.രോഹിണി രാജശേഖരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഉമര്‍ ഖാലിദ് ആന്‍ഡ് ഹിസ് വേള്‍ഡ് പുസ്തക ചര്‍ച്ചാ പരിപാടിക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററിന് ചുറ്റും കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ കരുതല്‍ നടപടിയായി പൊലീസ് റോഡ് അടയ്ക്കുകയും പരിപാടിക്കെത്തിയവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

Content Highlight: Umar Khalid is a patriot, not an anti-national; I have faith in his fight: Prakash Raj

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more