ന്യൂദല്‍ഹി: 2020ല്‍ ദല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ വലിയ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ജാമ്യാപേക്ഷ എതിര്‍ത്ത് ദല്‍ഹി പൊലീസ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ രാജ്യമൊട്ടാകെ വന്‍ കലാപത്തിന് ഉമര്‍ ഖാലിദും സംഘവും പദ്ധതിയിട്ടുവെന്ന് ആരോപിച്ച് പൊലീസ് കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു.
നീണ്ട തടവുകാലം ചൂണ്ടിക്കാണിച്ച് ഹരജിക്കാര്‍ ഇരവാദം മുഴക്കുകയാണെന്നും വിചാരണ വൈകിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്ക് തന്നെയാണെന്നും പൊലീസ് ആരോപിച്ചു.
ട്രംപിനെ പരാമര്‍ശിക്കുന്ന സാമഗ്രികളും സംഭാഷണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ഇന്ത്യയിലുടനീളം കലാപം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് ആരോപിക്കുന്നു.
സി.എ.എയെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിനെതിരായ വംശഹത്യയായി ചിത്രീകരിക്കുന്നതിനും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനുമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി.
സമാധാനപരമായ പ്രതിഷേധം എന്ന മറവില്‍ തീവ്രവാദത്തെ ഉത്തേജിപ്പിക്കാന്‍ സി.എ.എ എന്ന വിഷയത്തെ തെരഞ്ഞെടുത്തു. ആഴത്തില്‍ ചിന്തിച്ചുറപ്പിച്ച് തയ്യാറാക്കിയ, മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഇവരുടെ ഗൂഢാലോചന 53 പേരുടെ ജീവനെടുത്തെന്നും പൊതുസമ്പത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും പൊലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
അതേസമയം, ഈ ആരോപണങ്ങളെ നിഷേധിച്ച ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ ട്രംപിന്റെ സന്ദര്‍ശനം ഫെബ്രുവരി 13നാണ് സ്ഥിരീകരിച്ചത്. എന്നാല്‍, ഗൂഢാലോചന നടത്തി എന്നുപറയപ്പെടുന്നത് ഡിസംബര്‍ എട്ടിനാണെന്നും ചൂണ്ടിക്കാണിച്ചു.
എന്നാല്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഫെബ്രുവരി എട്ടിന് മുമ്പ് തന്നെ തീയതി അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍ പറയുന്നത്.
ഉമര്‍ ഖാലിദിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അദ്ദേഹം ക്രിമിനല്‍ പ്രവൃത്തി നടത്തിയെന്നതിന് തെളിവില്ലെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു എന്നുള്ളത് ക്രിമിനല്‍ കുറ്റകൃത്യമല്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
ഉമര്‍ ഖാലിദ് ആ ഗ്രൂപ്പില്‍ സന്ദേശമൊന്നും അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.ഗൂഢാലോചന നടന്നെന്ന് പറയുന്ന 2019 ഡിസംബര്‍ എട്ടിന് ജങ്പുരയില്‍ നടന്ന യോഗത്തില്‍ ഉമര്‍ ഖാലിദ് പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ കോള്‍ രേഖകള്‍ ഇതിന് തെളിവായി അഭിഭാഷകന്‍ എടുത്തുകാണിച്ചു.
നേരത്തെ ദല്‍ഹി കലാപക്കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷകളില്‍ മറുപടി പറയാത്തതില്‍ ദല്‍ഹി പൊലീസിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷകൡലാണ് ദല്‍ഹി പൊലീസിന്റെ ഒളിച്ചുകളി. കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് വന്‍ഗൂഢാലോചന ആരോപിച്ച് പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
Content Highlight: Umar Khalid and his TEAM planned nationwide riots during Trump’s visit; Delhi Police tells court