കൊച്ചി: പ്രമുഖ വ്യവസായിയും ഐ.സി.എല്‍ ഗ്രൂപ്പ് സി.ഇ.ഒ.യുമായ ഉമ അനില്‍കുമാര്‍, ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3241-എ (ചെന്നൈ)-യുടെ ഡിസ്ട്രിക്ട് ഗവര്‍ണറായി ഔദ്യോഗികമായി ചുമതലയേറ്റു. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനകളിലൊന്നായ ലയണ്‍സ് ക്ലബ്ബ്‌സിന്റെ പ്രധാന നേതൃത്വ സ്ഥാനത്തേക്കാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
നൂറുകണക്കിന് ലയണ്‍സ് ക്ലബ്ബുകളുടെയും ആയിരക്കണക്കിന് അംഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ഉമ അനില്‍കുമാര്‍ നേതൃത്വം നല്‍കും. ബിസിനസ് രംഗത്തും സേവന മേഖലയിലും കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുതിയ നിയമനം.
ഐ.സി.എല്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ., വൈസ് ചെയര്‍പേഴ്‌സണ്‍, ഹോള്‍ ടൈം ഡയറക്ടര്‍ എന്നീ നിലകളില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ട്രാവല്‍ & ടൂറിസം, ഫാഷന്‍, മെഡിക്കല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ ഗ്രൂപ്പിനെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും വളര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള ‘ടുലൈന്‍ ഫാഷന്‍’ എന്ന സംരംഭത്തിനും അവര്‍ നേതൃത്വം നല്‍കുന്നുണ്ട്.
വരാനിരിക്കുന്ന വര്‍ഷത്തില്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി മാനവിക പദ്ധതികള്‍ക്ക് ഡിസ്ട്രിക്ട് 3241-എ നേതൃത്വം നല്‍കും. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, നഗര-ഗ്രാമ മേഖലകളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, നേത്രപരിശോധനയും നേത്രദാന ബോധവത്കരണവും, വനിതാ ശാക്തീകരണ-യുവജന നേതൃത്വ വികസന പരിപാടികള്‍, വൃക്ഷതൈ നടീലും ജലസംരക്ഷണവും ഉള്‍പ്പെടുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ക്യാന്‍സര്‍ ബോധവത്കരണം, രക്തദാന-അവയവദാന ക്യാമ്പയിനുകള്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക സേവന പദ്ധതികളും നടപ്പിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
‘നേതൃത്വം എന്നത് കേവലം മുന്‍നിരയില്‍ നില്‍ക്കുന്നതല്ല, മറിച്ച് കൂടുതല്‍ ആളുകളെ നയിക്കാനും ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രാപ്തരാക്കുന്നതാണ്. സേവനം ചെയ്യുന്ന ഓരോ സമൂഹത്തിലും പ്രതീക്ഷയും കരുണയും പകരുന്ന ഒരു വര്‍ഷം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം,’ ഉമ അനില്‍കുമാര്‍ പറഞ്ഞു.
ഡിസ്ട്രിക്ട് ഗവര്‍ണറുടെയും പുതിയ ജില്ലാ കാബിനറ്റിന്റെയും സ്ഥാനാരോഹണ ചടങ്ങ് 2026 ഓഗസ്റ്റ് 2-ന് വൈകിട്ട് 6.00 മണിക്ക് ചെന്നൈ വടപളനിയിലെ ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്കില്‍ വച്ച് നടക്കും.
ലയണ്‍ എം. ഉദയകുമാര്‍ (ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി), ലയണ്‍ ടി. ശിവകുമാര്‍ (ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍), എം.ജെ.എഫ്. ലയണ്‍ വൈ. രാജേശ്വര റാവു (കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍) എന്നിവരാണ് കാബിനറ്റിലെ പ്രധാന ഭാരവാഹികള്‍.
ചടങ്ങില്‍ ഡിസ്ട്രിക്ട് ചാര്‍ട്ടേഡ് ഗവര്‍ണര്‍ പി.എം.ജെ.എഫ്. ലയണ്‍ കെ.ജി. അനില്‍കുമാര്‍, ചെന്നൈ എന്‍.സി.എല്‍.എ.ടി. ചെയര്‍മാന്‍ ജസ്റ്റിസ് എന്‍. ശേഷസായി, അഡീഷണല്‍ എസ്.പി. ആര്‍. ശ്രീകാന്ത്, ലയണ്‍ ഡോ. ജി. മണിലാല്‍, പാസ്റ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ലയണ്‍ എന്‍.എസ്. ശങ്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
2026-27 ലയണ്‍സ് വര്‍ഷത്തില്‍ ‘We Serve’ എന്ന ആഗോള ആപ്തവാക്യമുയര്‍ത്തിപ്പിടിച്ച് വൈവിധ്യമാര്‍ന്ന മാനവിക സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ജില്ലാ കാബിനറ്റ് ലക്ഷ്യമിടുന്നത്.
Content Highlight: Uma Anilkumar has assumed office as the District Governor of Lions Clubs International District 3241-F, Chennai.