| Monday, 11th August 2025, 9:36 pm

റഷ്യന്‍ എണ്ണ കയറ്റുമതി പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യം; മോദിയുമായി ഫോണില്‍ സംസാരിച്ച് സെലന്‍സ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമത്തെ പിന്തുണക്കാന്‍ സെലന്‍സ്‌കി മോദിയോട് ആവശ്യപ്പെട്ടു.

ഉഭയകക്ഷി ബന്ധം, ഉക്രൈനിലെ നിലവിലെ നയതന്ത്ര സാഹചര്യം, റഷ്യ ഉക്രൈനിലെ നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണം എന്നിവ മോദിയുമായി ചര്‍ച്ച ചെയ്തതായി സെലന്‍സ്‌കി തന്റെ എക്‌സ് അക്കൗണ്ടിലെ കുറിപ്പിലൂടെ അറിയിച്ചു.

വെടിനിര്‍ത്തലിനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നതിന് പകരം റഷ്യ അധിനിവേശവും കൊലപാതകങ്ങളും തുടരാനുള്ള ആഗ്രഹം മാത്രമാണ് കാണിക്കുന്നതെന്ന് സെലന്‍സ്‌കി തന്റെ കുറിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ഇന്ത്യ സമാധാന ശ്രമങ്ങളെ പിന്തുണക്കുകയും ഉക്രൈനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉക്രൈനിന്റെ പങ്കാളിത്തത്തോടെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കെതിരായ ഉപരോധങ്ങളെക്കുറിച്ച് താന്‍ മോദിയുമായി വിശദമായി ചര്‍ച്ച ചെയ്തുവെന്നും സെലന്‍സ്‌കി കുറിച്ചു.

ഈ യുദ്ധത്തിന്റെ തുടര്‍ച്ചക്ക് പണം കണ്ടെത്താനുള്ള റഷ്യയുടെ സാധ്യതയും കഴിവും കുറക്കുന്നതിനായി ഊര്‍ജ വിഭവങ്ങള്‍, പ്രത്യേകിച്ചും എണ്ണയുടെ കയറ്റുമതി പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് സെലന്‍സ്‌കി മോദിയോട് പറഞ്ഞു.

ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച് നരേന്ദ്ര മോദിയും തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. സെലന്‍സ്‌കിയുമായി സംസാരിക്കാനും സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ കേള്‍ക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് താന്‍ അറിയിച്ചുവെന്നും ഇന്ത്യയും ഉക്രൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

Content Highlight: Ukrainian President Volodymyr Zelensky speaks to Narendra Modi over phone

We use cookies to give you the best possible experience. Learn more