| Monday, 18th August 2025, 10:17 am

'ഉക്രൈന്‍ നാറ്റോയില്‍ ചേരില്ല' ചര്‍ച്ചക്ക് മുമ്പ് സെലന്‍സ്‌കിക്ക് ട്രംപിന്റെ സന്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ന് (തിങ്കളാഴ്ച) വൈറ്റ് ഹൗസില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി വൊളോഡിമര്‍ സെലന്‍സ്‌കിക്ക് സന്ദേശമയച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ യുദ്ധം തുടരാമെന്നും ട്രംപ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു സെലന്‍സ്‌കിക്ക് ട്രംപ് സന്ദേശമയച്ചത്.

‘ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ അദ്ദേഹത്തിന് യുദ്ധം തുടരാനും സാധിക്കും.

അത് എങ്ങനെ ആരംഭിച്ചുവെന്ന് ഓര്‍ക്കുക. ക്രിമിയ നല്‍കിയാല്‍ ഒബാമയെ തിരിച്ചെടുക്കാനാവില്ല, ഉക്രൈനിന് നാറ്റോയിലേക്ക് പോകാനും കഴിയില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല,’ ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ന് ട്രംപ് സെലന്‍സ്‌കിയുമായി കൂടികാഴ്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശമെന്നത് ഒരുപാട് പ്രധാന്യമര്‍ഹിക്കുന്നുണ്ട്. ഒപ്പം ക്രിമിയ നഷ്ടപ്പെട്ടതിന് ട്രംപ് ഒബാമയെ കുറ്റപ്പെടുത്തിയതും ഏറെ ശ്രദ്ധേയമാണ്.

ഇന്ന് വാഷിങ്ടണിലെ ഓവല്‍ ഓഫീസില്‍ നേരിട്ടെത്തി സെലന്‍സ്‌കി ട്രംപിനെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഓവല്‍ ഓഫീസിലെത്തുന്ന സെലന്‍സ്‌കിയെ സ്വീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ പ്രസിഡന്റ് സെലന്‍സ്‌കി ഡി.സിയിലെ ഓവല്‍ ഓഫീസില്‍ എത്തുമെന്നും എല്ലാം ശരിയായാല്‍ തങ്ങള്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. അലാസ്‌ക ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപുമായി ദീര്‍ഘമായ സംഭാഷണം നടത്തിയതായി സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. ട്രംപിന്റെ ക്ഷണത്തിന് സെലന്‍സ്‌കി നന്ദി പറയുകയും ചെയ്തിരുന്നു.

Content Highlight: Ukraine will not join NATO, Trump’s message to Zelensky before White House meeting

We use cookies to give you the best possible experience. Learn more