| Monday, 24th November 2025, 1:39 pm

യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഉക്രൈന്‍ നന്ദി കാണിക്കുന്നില്ല: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് കഠിനമായ ശ്രമങ്ങള്‍ നടത്തിയിട്ടും ഉക്രൈന്‍ തിരികെ നന്ദി കാണിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യു.എസിന്റെ ശ്രമങ്ങള്‍ക്ക് ഉക്രൈന്‍ ഭരണകൂടം ഒരു നന്ദിയും (zero gratitude)ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. യൂറോപ്പ് ആണെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഉക്രൈനില്‍ ശക്തവും യഥാര്‍ത്ഥവുമായ ഒരു ഭരണകൂടമുണ്ടായിരുന്നെങ്കില്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഉറങ്ങിത്തൂങ്ങിയ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്താണ് യുദ്ധം ആരംഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.എസിലെ 2020ലെ പ്രസിഡന്‍ഷ്യല്‍  തെരഞ്ഞെടുപ്പ് കൃത്രിമമായിരുന്നെന്നും അട്ടിമറിക്കപ്പെട്ട ഫലമായിരുന്നു അതിന്റേത്. മറിച്ചാണ് സംഭവിച്ചിരുന്നതെങ്കില്‍ യുദ്ധം ഒരിക്കലും ഉണ്ടാകില്ലായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആക്രമണത്തിന് മുതിരില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഈ യുദ്ധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് അനാവശ്യമായി മരിച്ചുവീണത്. ഈ യുദ്ധം കാരണം പരാജയങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നും ട്രംപ് പ്രതികരിച്ചു.

ജനീവയില്‍ യു.എസിന്റെ 28 പോയിന്റ് സമാധാന പദ്ധതി സംബന്ധിച്ച് ഉക്രൈന്‍-യു.എസ് ഉദ്യോഗസ്ഥരുടെ ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രതികരണം പുറത്തെത്തിയിരിക്കുന്നത്.
ട്രംപ് മുന്നോട്ട് വെച്ച പദ്ധതിയില്‍ റഷ്യയ്ക്ക് അനുകൂലമായ വ്യവസ്ഥകളാണുള്ളതെന്നാണ് സൂചന.

നാറ്റോയില്‍ ചേരാനുള്ള നീക്കം പൂര്‍ണമായും ഉപേക്ഷിക്കണം, സൈന്യത്തിനെ നിയന്ത്രിക്കണം, ക്രിമിയ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുനല്‍കണം തുടങ്ങിയ വ്യവസ്ഥകള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പദ്ധതിയുടെ പൂര്‍ണരൂപം രഹസ്യമായി തുടരുകയാണ്.

യു.എസ് പദ്ധതി അംഗീകരിക്കാനായി നവംബര്‍ 27 വരെ ഉക്രൈന് യു.എസ് സമയം നല്‍കിയിട്ടുണ്ട്. ഈ സമാധാന പദ്ധതി തന്റെ അവസാനത്തെ ഓഫര്‍ ആയിരിക്കില്ലെന്നും ട്രംപ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

എന്നാല്‍, ഉക്രൈന്‍ സമാധാന പദ്ധതിയെ അംഗീകരിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യം കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ഒന്നുകില്‍ അന്തസ് നഷ്ടപ്പെടുത്തണം, അല്ലെങ്കില്‍ പ്രധാനപ്പെട്ട സഖ്യകക്ഷിയെ നമുക്ക് നഷ്ടപ്പെടുത്തേണ്ടി വരുമെന്നാണ് സെലന്‍സ്‌കി പറഞ്ഞിരുന്നത്.

Content Highlight: Ukraine shows zero gratitude despite US trying to end war: Trump

We use cookies to give you the best possible experience. Learn more