ജനീവ: സ്വിറ്റ്‌സര്‍ലന്റില്‍ യു.എസ് മധ്യസ്ഥതയില്‍ നടന്ന ഏറ്റവും ഒടുവിലത്തെ സമാധാന ചര്‍ച്ചയും ഫലമില്ലാതെ അവസാനിച്ചു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കരാറിലും എത്താനായില്ലെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
റഷ്യ ഈ പ്രക്രിയ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. ചില കാര്യങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയായി, എങ്കിലും നിലപാടുകള്‍ ഇപ്പോഴും വ്യത്യസ്തമാണ്.
കാരണം ചര്‍ച്ചകള്‍ ഒരിക്കലും നിഷ്പ്രയാസമായി തീര്‍ക്കാനാവുന്നതല്ലെന്ന് സെലന്‍സ്‌കി മാധ്യമങ്ങളോട് പ്രതികരിച്ചു.
റഷ്യ അധിനിവേശം നടത്തിയ ഉക്രൈന്‍ പ്രദേശങ്ങളും ഉക്രൈനിലെ സപോരിജിയ ആണവ നിലയത്തിന്റെ ഉടമസ്ഥാവകാശവും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തര്‍ക്കം തുടരുകയാണ്. സാധ്യമായ വെടിനിര്‍ത്തല്‍ എങ്ങനെ നടപ്പാക്കണമെന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും സെലന്‍സ്‌കി പറഞ്ഞു.
സമാധാന ചര്‍ച്ചകളെ ബുദ്ധിമുട്ടുള്ളതെന്നും എന്നാല്‍ ഒരു ബിസിനസ് പോലെയുള്ളതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത റഷ്യന്‍ പ്രതിനിധി വ്‌ളാദിമിര്‍ മെഡിന്‍സ്‌കി വിശേഷിപ്പിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നും അതിനുള്ള ആസൂത്രണം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.
റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുന്നതിനിടെയാണ് യു.എസ് സമാധാന ചര്‍ച്ചകള്‍ ശക്തമാക്കിയത്. എന്നാല്‍ നിരവധി തവണ ത്രികക്ഷി ചര്‍ച്ചകള്‍ നടത്തിയെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയ്ക്ക് സാധിച്ചിട്ടില്ല.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ യുദ്ധമവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിലവിലെ ചര്‍ച്ചയില്‍ പോലും നേരിയ പുരോഗതി മാത്രമാണ് കാണാനാവുന്നത്.
അതേസമയം, റഷ്യ ഉക്രൈനില്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞദിവസം രാത്രിയില്‍ നടന്ന ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലും 126 ഡ്രോണുകളും ഉക്രൈനില്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Ukraine says Russia is dragging out peace talks; Russia says it is difficult; US mediation talks collapse again