ദാവോസ്: നാലുവർഷമായി തുടരുന്ന റഷ്യ – ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടി ആദ്യമായി ത്രികക്ഷി ചർച്ചക്കൊരുങ്ങി റഷ്യയും ഉക്രൈനും അമേരിക്കയും.
സ്വിറ്റ്‌സർലാന്റിലെ ദാവോസിൽ കഴിഞ്ഞ ദിവസം നടന്ന വേൾഡ് ഇക്കണോമിക് ഫോറം യോഗത്തിനെത്തിയ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആയിരുന്നു ചർച്ചയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
ഉക്രൈനിന്നുള്ള സുരക്ഷാ ഗ്യാരണ്ടി വ്യവസ്ഥകൾ തീരുമാനിച്ചതായും രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പിനുള്ള കരാറുകൾ തയ്യാറായി വരുന്നതായും അദ്ദേഹം പറഞ്ഞു.
അബുദാബിയിൽ നടക്കുന്ന ചർച്ചയെ ‘ആദ്യ ത്രികക്ഷി ചർച്ച’ എന്ന് വിശേഷിപ്പിച്ച സെലൻസ്കി ‘ഇത് നല്ലതിനായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നു’ എന്നും പറഞ്ഞു.
റഷ്യക്കെതിരെ നടപടിയെടുക്കാൻ യൂറോപ്യൻ സഖ്യകക്ഷികൾക്ക് ‘രാഷ്ട്രീയ ഇച്ഛാശക്തി’ ഇല്ലെന്നും ദാവോസിൽ സിലൻസ്കി പ്രതികരിച്ചു.
സമാധാന ദൗത്യങ്ങൾക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഉൾപ്പെടെ നാല് യു.എസ് പ്രതിനിധികൾ റഷ്യയുമായി ചർച്ച ചെയ്തിരുന്നു.
എന്നാൽ അതിർത്തി പ്രശ്‍നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാതെ സമാധാനത്തിനുള്ള ഒരു കരാറും സാധ്യമല്ല എന്ന് റഷ്യൻ പ്രധിനിധി യൂറി ഉഷാക്കോവ് പറഞ്ഞു.
അതിർത്തി പ്രശനങ്ങൾ പരിഹരിക്കുന്നതുവരെ റഷ്യ സൈനിക നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്ര പരിഹാരത്തിന് റഷ്യക്ക് ആത്മാർത്ഥമായ താല്പര്യമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞതായും ഉഷാക്കോവ് കൂട്ടിച്ചേർത്തു.
റഷ്യക്കുവേണ്ടി അബുദാബിയിലെ പ്രതിനിധി സംഘത്തെ റഷ്യയുടെ ജി.ആർ.യു സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ ഇഗോർ കോസ്റ്റ്യുക്കോവ് നയിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള 20 പോയിന്റ് യു.എസ് പദ്ധതി 90% തയ്യാറാണെന്നും ‘ഉക്രൈൻ മാത്രമല്ല, റഷ്യയും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം’ എന്നും സിലൻസ്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlight: Ukraine, Russia, US to meet for first trilateral talks to end war