| Saturday, 25th July 2026, 11:33 am

റഷ്യക്കെതിരെ വിജയത്തിനായുള്ള അനന്തമായ കാത്തിരിപ്പിനേക്കാള്‍ നല്ലത് വെടിനിര്‍ത്തല്‍; നിലപാട് വ്യക്തമാക്കി സെലന്‍സ്‌കി

ആദർശ് എം.കെ.

കീവ്: ലക്ഷ്യമില്ലാതെ പത്തോ ഇരുപതോ വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിലൂടെ വിജയം കൈവരിക്കുന്നതിനേക്കാള്‍ നല്ലത് അടിയന്തര വെടിനിര്‍ത്തലാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ലോറ ലൂമറുമായി നടത്തിയ അഭിമുഖത്തിലാണ് ഉക്രൈന്റെ നയതന്ത്ര നിലപാടുകളിലെ ഈ നിര്‍ണായക മാറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

വിജയം എന്ന തങ്ങളുടെ അന്തിമ ലക്ഷ്യം ഉപേക്ഷിച്ചിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യത്തില്‍ മനുഷ്യജീവനുകള്‍ക്കാണ് സര്‍ക്കാരും രാജ്യവും മുന്‍ഗണന നല്‍കുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു.

പതിറ്റാണ്ടുകളോളം യുദ്ധം തുടര്‍ന്ന് വിജയം നേടുന്നതിനേക്കാള്‍, നാളെത്തന്നെ പോരാട്ടം അവസാനിപ്പിച്ച് വെടിനിര്‍ത്തലില്‍ ഏര്‍പ്പെടുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രൈന്‍ തയ്യാറല്ലെന്നും പോരാട്ടം അനാവശ്യമായി നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നുമുള്ള അന്താരാഷ്ട്ര പ്രചാരണങ്ങള്‍ ശക്തമായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ്, വെടിനിര്‍ത്തലിനും സമാധാന ശ്രമങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള സെലന്‍സ്‌കിയുടെ ഈ പ്രസ്താവന വരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഉക്രൈന്‍ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇപ്പോള്‍ പൂര്‍ണ ബോധ്യമുണ്ടെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.

2025 ഏപ്രിലില്‍ വത്തിക്കാനില്‍ വെച്ച് ട്രംപുമായി നടത്തിയ ഏകദേശം 20 മിനിറ്റ് നീണ്ട വ്യക്തിഗത കൂടിക്കാഴ്ചയാണ് ഇരുവര്‍ക്കുമിടയിലെ വിശ്വസ്തത വര്‍ധിപ്പിക്കുന്നതിലും ആശയവിനിമയം സുഗമമാക്കുന്നതിലും വലിയ വഴിത്തിരിവായത്. മറ്റു പ്രതിനിധികളില്ലാതെയായിരുന്നു ഈ നിര്‍ണായക ചര്‍ച്ച.

റഷ്യയുമായി സമാധാന കരാറില്‍ ഒപ്പിടാന്‍ താന്‍ പൂര്‍ണമായും തയ്യാറാണെന്നും, ഇതിന്റെ ഭാഗമായി കരാര്‍ ഔദ്യോഗികമായി രൂപീകരിക്കുന്നതിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ സന്നദ്ധനാണെന്നും സെലന്‍സ്‌കി ട്രംപിനെ അറിയിച്ചിട്ടുണ്ട്.

പ്രതിരോധ മേഖലയില്‍ അമേരിക്കയുമായി വന്‍തോതിലുള്ള ഡ്രോണ്‍ കരാര്‍ ഒപ്പിടാന്‍ ഉക്രൈന്‍ ആഗ്രഹിക്കുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യയിലും യുദ്ധ തന്ത്രങ്ങളിലുമുള്ള ഉക്രൈന്റെ അനുഭവപരിചയം ഇതിനോടകം തന്നെ വാഷിങ്ടണിന് വലിയ രീതിയില്‍ ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ വിജയം സുനിശ്ചിതമാണെന്നും, യുദ്ധാവസാനത്തോടെ ഉക്രെയ്ന്‍ ഒരു പ്രവര്‍ത്തനരഹിതമായ, കേവലം അവശേഷിപ്പ് രാജ്യമായി മാറാന്‍ സാധ്യതയുണ്ടെന്നും പ്രമുഖ അന്താരാഷ്ട്ര കാര്യ വിദഗ്ധനും ചിക്കാഗോ സര്‍വകലാശാല പ്രൊഫസറുമായ ജോണ്‍ മിയര്‍ഷൈമര്‍ പറഞ്ഞിരുന്നു.

ആവശ്യത്തിന് സൈനികരില്ലാത്തതാണ് യുദ്ധഭൂമിയില്‍ ഉക്രെയ്ന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനൊപ്പം റഷ്യയുടെ കനത്ത വ്യോമാക്രമണങ്ങളും ചേര്‍ന്ന് ഉക്രെയ്നിന്റെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് മിയര്‍ഷൈമര്‍ വാദിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന അത്യാധുനിക ആയുധങ്ങള്‍ക്കൊന്നും തന്നെ യുദ്ധത്തിന്റെ നിലവിലെ ഗതി മാറ്റാന്‍ കഴിയില്ലെന്ന് മിയര്‍ഷൈമര്‍ വാദിക്കുന്നു. കീവ് തുടര്‍ച്ചയായി ആവശ്യപ്പെടുന്ന പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് റഷ്യന്‍ ആക്രമണങ്ങളെ തടയാന്‍ പരിമിതികളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഉക്രൈനിലെ ഏത് ലക്ഷ്യസ്ഥാനത്തും ആക്രമണം നടത്താന്‍ റഷ്യക്ക് സാധിക്കുന്നുണ്ടെന്നും അവയെ പൂര്‍ണമായി ചെറുക്കാന്‍ ഉക്രൈന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Ukraine precedent Volodymyr Zelenskyy says a ceasefire in Ukraine is preferable to a long-term struggle for ‘victory’.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more