| Monday, 5th May 2025, 2:45 pm

ഹംഗറിയുടെ സമ്മതമില്ലാതെ ഉക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്താനാവില്ല: ഹംഗേറിയന്‍ പ്രസിഡന്റ് ഓര്‍ബന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുഡാപസ്റ്റ്: യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തെച്ചൊല്ലി പരസ്പരം ഇടഞ്ഞ് ഉക്രൈനിയന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയും ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഓര്‍ബനും. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ഹംഗറിയുടെ സമ്മതമില്ലാതെ ഉക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ കഴിയില്ലെന്ന് ഓര്‍ബെന്‍ വെല്ലുവിളിച്ചു.

ഉക്രൈന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കിയാല്‍ അത് ഹംഗേറിയന്‍ സമ്പദ്‌വ്യവസ്ഥയെ ദരിദ്രമാക്കുമെന്ന് ഓര്‍ബന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. കൂടാതെ ഉക്രൈന്‍ ഇ.യുവില്‍ അംഗമായാല്‍ അത് കൂട്ടായ സാമ്പത്തിക കെണിയാവുമെന്നും ഓര്‍ബന്‍ പറഞ്ഞിരുന്നു.

2030ഓടെ ഉക്രൈന് അംഗത്വം നല്‍കാനാണ് യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നതെന്ന യൂറോപ്യന്‍  കമ്മീഷന്‍ പ്രസിഡന്റ്‌ ഉര്‍സുല വെന്‍ ഡര്‍ ലെയണിന്റെ പരാമര്‍ശത്തേയും ഓര്‍ബന്‍ വിമര്‍ശിച്ചു. ഉക്രൈനെ എപ്പോള്‍ കൂട്ടായ്മയിലേക്ക് കൊണ്ട് വരണമെന്ന് അറിയാമെന്നും ഉക്രൈന്‍ തങ്ങളുടെ വാതിലില്‍ മുട്ടിക്കൊണ്ടിക്കുകയാണെന്നുമാണ് ഓര്‍ബന്‍ പരിഹസിച്ചത്. ഉക്രൈനെ എത്രയും വേഗത്തില്‍ കൊണ്ട് വരാനാണ് ഇ.യു ശ്രമിക്കുന്നതെന്നും ഓര്‍ബന്‍ കൂട്ടിച്ചേര്‍ത്തു.

ഹംഗറിയിലെ 70%ത്തോളം ജനങ്ങള്‍ ഉക്രൈന്‍ ഇ.യുവില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു. ഹംഗറിയില്‍ നടന്ന ആഭ്യന്തര വോട്ടെടുപ്പിനെ ഉദ്ധരിച്ചായിരുന്നു സെലന്‍സ്‌കിയുടെ പരാമര്‍ശം.

എന്നാല്‍ ഇതിന് മറുപടിയായി ഹംഗേറിയന്‍ ജനത എങ്ങനെ ചിന്തിക്കണമെന്ന് തീരുമാനിക്കുന്നത് ഉക്രൈനില്‍ ഇരിക്കുന്ന പ്രസിഡന്റോ ബ്രസല്‍സിലെ ബ്യൂറോക്രാറ്റുകളോ അല്ലെന്നും ഓര്‍ബന്‍ വിമര്‍ശിച്ചു. ഇതിനിടെയാണ് ഹംഗറിയുടെ അനുമതിയില്ലാതെ ഉക്രൈന് യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാനാവില്ലെന്ന് ഓര്‍ബന്‍ പറഞ്ഞത്. സെലന്‍സ്‌കിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരോ ഹംഗേറിയനും അവന്റേതായ അഭിപ്രായമുണ്ടെന്നും ഓര്‍ബന്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്റെ ചട്ടങ്ങള്‍ പ്രകാരം അംഗരാജ്യങ്ങളായ എല്ലാ രാജ്യങ്ങളുടേയും പിന്തുണയണ്ടെങ്കില്‍ മാത്രമെ പുതിയൊരു രാജ്യത്തിന് അംഗത്വം നല്‍കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ഉക്രൈന്റെ ഫാസ്റ്റ് ട്രാക്ക് അംഗത്വം നിശ്ചാലവസ്ഥയിലാണ്.

ഓര്‍ബന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമാണ് ഉക്രൈന്‍. കൂടാതെ ഉക്രൈനില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ഓര്‍ബന്‍ ആരോപിക്കുകയുണ്ടായി.

2022ലാണ് ഉക്രൈന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍ യൂണിയനിലെ നിരവധി അംഗരാജ്യങ്ങളുടെ പിന്തുണ ഉണ്ടായിട്ടും ഉക്രൈന്റെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

Content Highlight: Ukraine cannot join the European Union without Hungary’s consent: Hungarian President Victor Orban

We use cookies to give you the best possible experience. Learn more