ലണ്ടൻ: വിദ്യാർത്ഥി വിസകളിൽ വിലക്കേർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യു.കെ. അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാന്മർ, സുഡാൻ എന്നീ രാജ്യങ്ങൾക്കുള്ള വിദ്യാർത്ഥി വിസയാണ് യു.കെ നിർത്തലാക്കാനൊരുങ്ങുന്നത്.
രാജ്യത്ത് കുടിയേറ്റ വിരുദ്ധ മനോഭാവം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് യു.കെ കടക്കുന്നത്.
പഠനാവശ്യത്തിനെത്തുന്ന വിദ്യാർത്ഥികൾക്കിടയിൽ അഭയാർത്ഥി അപേക്ഷകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് രാജ്യം അടിയന്തിരമായി ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നതെന്ന് യു.കെ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് ആദ്യമായാണ് രാജ്യം ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നത്.
അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാന്മർ, സുഡാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകൾ 2021-25 കാലത്തിനിടയിൽ 470 ശതമാനം വർധനവ് ഉണ്ടായതായും യു.കെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
‘യുദ്ധത്തിൽ നിന്നും മറ്റ് മോശം സാഹചര്യങ്ങളിൽ നിന്നും പലായനം ചെയ്യുന്നവർക്ക് ബ്രിട്ടൻ എപ്പോഴും അഭയം നൽകും, എന്നാൽ രാജ്യത്തിന്റെ വിസ ദുരുപയോഗം ചെയ്യാൻ പാടില്ല,’ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് പറഞ്ഞു.
അതുകൊണ്ടാണ് യു.കെയുടെ ഉദാരമനസ്കതയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിഷേധിക്കാനുള്ള അസാധാരണ തീരുമാനം താൻ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ വിരുദ്ധ നിലപാടിലൂടെ തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യു.കെയ്ക് അഭിപ്രായ സർവേയിൽ കിട്ടിയ പിന്തുണ ബ്രിട്ടന്റെ രാഷ്ട്രീയം കലുഷിതമാക്കിയിരിക്കുകയാണ്.
കുടിയേറ്റ വിഷയത്തിൽ പൊതുജനവികാരത്തെ ശാന്തമാക്കാനും റിഫോം യു.കെ പാർട്ടിയുടെ വളർച്ച തടയാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ നടപടി.
അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥി വിസയ്ക്ക് പുറമെ തൊഴിൽ വിസയിലും യു.കെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
Content Highlight: UK to end study visas for countries including Afganistan