| Wednesday, 7th May 2025, 5:33 pm

ആയുധവില്‍പ്പനയ്ക്ക് വിലക്ക് ഉണ്ടായിട്ടും യു.കെ ഇസ്രഈലിന് ആയുധം നല്‍കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് ഉണ്ടായിട്ടും ബ്രിട്ടീഷ് കമ്പനികള്‍ ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതായി റിപ്പോര്‍ട്ട്. 2024 സെപ്റ്റംബറില്‍ ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്ന 30ഓളം ലൈസന്‍സുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത് മറികടന്നാണ് ആയുധ വില്‍പ്പന നടക്കുന്നത്.

മാരകമായ എഫ്-35 ജെറ്റ് വിമാനങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് ബ്രിട്ടന്‍ ഇസ്രഈലിന് കൈമാറിയത്. ഇറക്കുമതിയെ സംബന്ധിച്ചുള്ള ഇസ്രഈലില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി നിര്‍ത്തി വെച്ചത്. എന്നാല്‍ ഇസ്രഈല്‍ ടാക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ആയുധക്കയറ്റുമതി നിരോധിച്ച സെപ്റ്റംബര്‍ മുതല്‍ യു.കെയില്‍ നിന്ന് ഏകദേശം 8630 ഓളം യുദ്ധോപകരണങ്ങളാണ് ഇസ്രഈലിലേക്ക് കയറ്റി അയച്ചത്. ബോംബുകള്‍, ഗ്രനേഡുകള്‍, മൈനുകള്‍, ടോര്‍പ്പിഡോകല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ ആയുധവില്‍പ്പന നിര്‍ത്തി വെച്ചതിന് പിന്നാലെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്ന യു.കെ. വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി തങ്ങള്‍ ഇസ്രഈഇലിലേക്ക് കയറ്റി അയക്കുന്നത് ആയുധങ്ങള്‍ അല്ലെന്നും മറിച്ച് പ്രതിരോധ സ്വഭാവമുള്ള ഉപകരണങ്ങള്‍ മാത്രമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ഇസ്രഈലിലേക്ക് ആയുധം കയറ്റി അയച്ച് ഡേവിഡ് ലാമി പാര്‍ലമെന്റിനേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ മറുപടി നല്‍കാന്‍ നിരവധി ബ്രിട്ടീഷ് എം.പിമാര്‍ ലാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ലാമിക്ക് എം.പിമാര്‍ എഴുതിയ കത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ ഇസ്രഈലിലേക്ക് കയറ്റി അയച്ച മുഴുവന്‍ ആയുധങ്ങളുടേയും വിശദാംശങ്ങളും പുറത്ത് വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കൂടാതെ സര്‍ക്കാരും മന്ത്രിമാരും ജനങ്ങളെ ഈ വിഷയത്തില്‍ പറ്റിക്കുകയാണെങ്കില്‍ അവര്‍ രാജി വെക്കണമെന്നും മറ്റ് എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രഈല്‍ മന്ത്രിസഭ ഗസ പിടിച്ചടക്കാനും ഗസയില്‍ ആക്രമണം വര്‍ധിപ്പിക്കാനുമുള്ള പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഗസയില്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസില്‍ സമ്മര്‍ദം ചെലുത്താനെന്ന വ്യാജേനയാണ് പുതിയ തീരുമാനം.

ഗസയില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി സൈനികബലം വര്‍ധിപ്പിക്കാനായി സേനയിലെ റിസര്‍വ് സൈനികരുടെ എണ്ണവും ഇസ്രഈല്‍ കൂട്ടിയിട്ടുണ്ട്. പതിനായിരക്കണക്കിന് റിസര്‍വ് സൈനികരെയാണ് ഇസ്രഈല്‍ സേനയിലേക്ക് പുതുതായി തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്‌. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയാവും പുതിയ പദ്ധതി നടപ്പിലാകക്കുക.

Content Highlight: UK reportedly supplying weapons to Israel despite arms sales ban

We use cookies to give you the best possible experience. Learn more