| Monday, 7th July 2025, 8:30 am

14 വർഷങ്ങൾക്ക് ശേഷം സിറിയയുമായി ബന്ധം പുനസ്ഥാപിച്ച് ബ്രിട്ടൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമാസ്കസ്: 14 വർഷങ്ങൾക്ക് ശേഷം സിറിയയുമായി ബന്ധം പുനസ്ഥാപിച്ച് ബ്രിട്ടൻ. വർഷങ്ങളായി സിറിയയിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിനുശേഷം ബ്രിട്ടൻ സിറിയയുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സിറിയൻ തലസ്ഥാനമായ ഡമാസ്കസിലേക്കുള്ള സന്ദർശന വേളയിൽ പ്രഖ്യാപിച്ചു.

14 വർഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് മന്ത്രി സിറിയ സന്ദർശിക്കുന്നത്. അടിയന്തര മാനുഷിക സഹായത്തിനും സിറിയയുടെ ദീർഘകാല വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും മേഖലയിലെ സിറിയൻ അഭയാർത്ഥികൾക്ക് ആതിഥേയത്വം നൽകുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനുമായി 129 മില്യൺ ഡോളർ ഡേവിഡ് ലാമി വാഗ്ദാനം ചെയ്തു.

‘എല്ലാ സിറിയക്കാർക്കും സുസ്ഥിരവും കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനായി പുതിയ സർക്കാരിനെ പിന്തുണക്കാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നു. അതിനാൽ സിറിയയുമായി യു.കെ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയാണ്,’ ലാമി പ്രസ്താവനയിൽ പറഞ്ഞു.

സിറിയയുടെ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട ചിത്രങ്ങളിൽ ഡേവിഡ് ലാമി ഡമാസ്കസിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുമായി കൈ പിടിച്ച് നിൽക്കുന്നത് കാണാം. കൂടാതെ ലാമി സിറിയൻ വിദേശകാര്യ മന്ത്രി ആസാദ് അൽ-ഷൈബാനിയുമായി കൂടിക്കാഴ്ച നടത്തുന്നതും സഹാറയുടെ ഓഫീസ് പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം. ക്രമരഹിതമായ കുടിയേറ്റം കുറക്കുന്നതിനും, രാസായുധങ്ങൾ ഇല്ലാതാക്കുന്നത് ഉറപ്പാക്കുന്നതിനും, ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും സിറിയയെ പിന്തുണക്കുക എന്നതാണ് യു.കെ ലക്ഷ്യമിടുന്നതെന്ന് ലാമി പ്രസ്താവിച്ചു.

പതിമൂന്ന് വർഷത്തിലേറെ നീണ്ട യുദ്ധത്തിനൊടുവിൽ ഡിസംബറിൽ ഇസ്‌ലാമിസ്റ്റ് ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത സേന ബഷാർ അൽ-അസദിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അസദ് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്തു. പിന്നാലെ പടിഞ്ഞാറൻ രാജ്യങ്ങൾ സിറിയയോടുള്ള സമീപനം പതുക്കെ മാറ്റിത്തുടങ്ങി.

ദിവസങ്ങൾക്ക് മുമ്പ്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സിറിയക്കെതിരായ യു.എസ് ഉപരോധങ്ങളിൽ ചിലത് അവസാനിപ്പിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. ഇതോടെ ഡമാസ്കസിന്റെ രാസായുധ പദ്ധതിയുടെ പേരിൽ സിറിയൻ സർക്കാർ സ്വത്തുക്കൾ മരവിപ്പിക്കുകയും സിറിയയിലേക്കുള്ള കയറ്റുമതി പരിമിതപ്പെടുത്തുകയും ചെയ്ത അമേരിക്കയുടെ 2004 ലെ ഉത്തരവ് റദ്ദാക്കി. ഏപ്രിലിൽ ബ്രിട്ടൻ സിറിയക്കെതിരായ ഉപരോധങ്ങളിൽ ചില ഇളവുകൾ വരുത്തിയിരുന്നു.

അതേസമയം ബ്രിട്ടനും അമേരിക്കയും സിറിയയുടെ മുൻ ഭരണകൂടവുമായി ബന്ധമുള്ള വ്യക്തികൾക്കെതിരെയുള്ള ഉപരോധങ്ങൾ നിലനിർത്തുകയും ചെയ്തിരുന്നു.

Content Highlight: UK re-establishes relations with Syria after 14 years

We use cookies to give you the best possible experience. Learn more