ദമസ്‌ക്കസ്: അസദ് സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച് 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് ബ്രിട്ടന്‍. യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് നിര്‍ണായകമായത്.
ദമസ്‌ക്കസില്‍ വെച്ചാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നടന്നത്. 14 വര്‍ഷത്തിനിടെ ഒരു യു.കെ പ്രതിനിധി നടത്തുന്ന ആദ്യ സിറിയന്‍ സന്ദര്‍ശനം കൂടിയാണിത്.
ബ്രിട്ടനുമായുള്ള സഹകരണം, ഉഭയകക്ഷി ബന്ധം തുടങ്ങിയ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ഡേവിഡ് ലാമിയുമായി ചര്‍ച്ച ചെയ്തതെന്ന് അല്‍-ഷറ പറഞ്ഞു. സിറിയയിലെ എല്ലാ പൗരന്മാര്‍ക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി ജീവിതം ഉണ്ടാകണമെന്ന താത്പര്യമുള്ളതുകൊണ്ടാണ് യു.കെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതെന്ന് ഡേവിഡ് ലാമി പ്രസ്തവാനയിലൂടെ പ്രതികരിച്ചു.
സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ സിറിയ അര്‍ഹിക്കുന്നുണ്ട്.
രാജ്യത്തെ അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനും ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനും അസദ് കാലഘട്ടത്തിലെ രാസായുധങ്ങള്‍ നീക്കം ചെയ്യുന്നതിനും സിറിയയെ സഹായിക്കാന്‍ യു.കെ ആഗ്രഹിക്കുന്നുവെന്നും ലാമി പറഞ്ഞു.
ഇതിനുപുറമെ സിറിയയുടെ പുനര്‍നിര്‍മാണത്തിനായി യു.കെ സര്‍ക്കാര്‍ 129 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചതായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസ് അറിയിച്ചു.
സിറിയയിലെ അസദ് ഭരണം അട്ടിമറിക്കപ്പെട്ട് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് യു.കെ വിദേശകാര്യ സെക്രട്ടറിയുടെ ദമസ്‌ക്കസ് സന്ദര്‍ശനം. അല്‍-ഷറയ്ക്ക് പുറമെ സിറിയന്‍ വിദേശകാര്യ മന്ത്രി അല്‍-ഷൈബാനിയുമായും ലാമി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സിറിയന്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും അദ്ദേഹം സന്ദര്‍ശിച്ചു.
കഴിഞ്ഞ മാസം സിറിയക്ക് മേല്‍ ചുമത്തിയ ഉപരോധങ്ങളില്‍ ചിലത് പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. സിറിയയുടെ വികസനത്തിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും രാജ്യത്തിന്റെ സാമൂഹിക ഘടനയുടെ പുനര്‍നിര്‍മാണത്തിനും നിര്‍ണായകമായ സ്ഥാപനങ്ങള്‍ക്ക് ഉപരോധത്തില്‍ ഇളവ് നല്‍കുന്നതാണ് ട്രംപിന്റെ ഉത്തരവെന്നാണ് യു.എസ് ട്രഷറി തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
വിമത സംഘടനയായ ഹയാത്ത് തെഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതോടെയാണ് സിറിയയിലെ ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടം താഴെ വീണത്. അസദ് വിശ്വസ്തരും രാജ്യത്തെ സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 1,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.
Content Highlight: UK re-establishes relations with Syria after 14 years