| Wednesday, 10th September 2025, 10:56 am

ഖത്തറിലെ ഇസ്രഈല്‍ ആക്രമണം കാര്യങ്ങള്‍ വഷളാക്കുന്നു; അപലപിച്ച് കെയര്‍ സ്റ്റാര്‍മര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഖത്തറിലെ ഇസ്രഈല്‍ ആക്രമണത്തെ അപലപിച്ച് യു.കെ. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. ഇസ്രഈല്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് സ്റ്റാര്‍മര്‍ ആക്രമണത്തെ അപലപിച്ചത്.

ഖത്തറിന്റെ പരമധികാരത്തെ ലംഘിക്കുകയും മേഖലയിലുടനീളം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതുമായ ദോഹയിലെ ഇസ്രഈല്‍ ആക്രമണത്തെ താന്‍ അപലപിക്കുന്നുവെന്ന് എക്‌സിലെഴുതിയ പോസ്റ്റില്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.

അടിയന്തര വെടിനിര്‍ത്തല്‍, ബന്ദിമോചനം, ഗസയിലേക്കുള്ള സഹായങ്ങള്‍ വര്‍ധിപ്പിക്കുക ഇതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, ദീര്‍ഘകാല സമാധാനത്തിനുള്ള ഏക പോംവഴി ഇത് മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈല്‍ ആക്രമണം. ആക്രമണത്തില്‍ അഞ്ച് ഹമാസ് അംഗങ്ങള്‍ അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു.

ഖത്തറില്‍ ചര്‍ച്ചയ്‌ക്കെത്തിയ ഹമാസിന്റെ പ്രധാന നേതാവ് ഖലീല്‍ അല്‍-ഹയ്യ, ചീഫ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ സാഹര്‍ ജബരിന്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈലിന്റെ ആക്രമണം. ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ മുതിര്‍ന്ന നേതാക്കള്‍ രക്ഷപ്പെട്ടെങ്കിലും അല്‍-ഹയ്യയുടെ മകനുള്‍പ്പടെ അഞ്ച് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു.

അല്‍-ഹയ്യയുടെ മകന്‍ ഹുമാം അല്‍-ഹയ്യ, ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, സുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅമന്‍ ഹസൗന, അഹ്‌മദ് അല്‍-മംലുക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഖത്തറിനെ ആക്രമിക്കാനുള്ള തീരുമാനം ഈസ്രഈലിന്റേത് മാത്രമാണെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

‘പരമാധികാര രാഷ്ട്രവും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയുമായ ഖത്തറിനുള്ളില്‍ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രഈലിനെയോ അമേരിക്കയുടെ ലക്ഷ്യങ്ങളെയോ മുന്നോട്ട് കൊണ്ടുപോകുന്നില്ല, ഇത് മധ്യസ്ഥത വഹിക്കാന്‍ ഞങ്ങളെ പ്രയാസപ്പെടുത്തും’ ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ അസന്തുഷ്ടനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗസയില്‍ താമസിക്കുന്നവരുടെ ദുരിതത്തില്‍ നിന്നും ലാഭം കൊയ്യുന്ന ഹമാസിനെ ഇല്ലാതാക്കുക എന്നത് ഒരു മൂല്യവത്തായ ലക്ഷ്യമാണെന്ന് ട്രംപ് പോസ്റ്റില്‍ പറഞ്ഞു. എല്ലാ ബന്ധികളെയും വിട്ടയയ്ക്കുകയും യുദ്ധം ഇപ്പോള്‍ അവസാനിപ്പിക്കുകയും വേണമെന്നും ട്രംപ് ആവര്‍ത്തിച്ചു.

അതേസമയം, ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന ഇസ്രഈലിന്റെ വാദങ്ങളെ ഖത്തര്‍ തള്ളി. ആക്രമണം തുടങ്ങി പത്ത് മിനിറ്റിന് ശേഷമാണ് മുന്നറിയിപ്പ് നല്‍കുന്ന വാഷിങ്ടണില്‍ നിന്നുള്ള ഫോണ്‍ കോളെത്തിയതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി പ്രതികരിച്ചു.

Content Highlight: UK Prime Minister Keir Starmer condemns Israeli attack on Qatar.

We use cookies to give you the best possible experience. Learn more