| Monday, 14th July 2025, 6:43 am

വംശഹത്യക്കെതിരെ പ്രതിഷേധം; 86 ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ യു.കെയിൽ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഗസ വംശഹത്യക്കെതിരെ പ്രതിഷേധിക്കുന്ന സംഘടനയായ ഫലസ്തീൻ ആക്ഷന്റെ 86 പ്രവർത്തകരെ അറസ്റ്റ് ചെയ്ത് യു.കെ പൊലീസ്. ഫലസ്തീൻ ആക്ഷനെ നിരോധിത ഗ്രൂപ്പായി പ്രഖ്യാപിച്ച് യു.കെ സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 86 പ്രതിഷേധക്കാരെ യു.കെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡിഫെൻഡ് ഔർ ജൂറീസ് (DOJ) എന്ന ക്യാമ്പയിൻ ഗ്രൂപ്പ് അറിയിച്ചു.

ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിന് യു.കെ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ ഒരു സൈനിക താവളത്തിലേക്ക് അതിക്രമിച്ച് കയറി രണ്ട് വിമാനങ്ങളിൽ ചുവന്ന പെയിന്റ് തളിച്ചിരുന്നു. പിന്നാലെയാണ് പാർലമെന്റ് സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനും നിരോധിക്കാനും വോട്ടെടുപ്പ് നടത്തുകയും പിന്നാലെ നിരോധിക്കുകയും ചെയ്തത്.

ഈ നിയമനിർമാണത്തോടെ ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പിൽ അംഗത്വമെടുക്കുന്നതും ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി. യു.കെയിൽ ഒരു ഡയറക്ട് ആക്ഷൻ ഗ്രൂപ്പിനെ തീവ്രവാദ ഗ്രൂപ്പായി നിരോധിക്കുന്നത് ഇതാദ്യമായാണ്.

ഇതിന് പിന്നാലെ നിരോധനത്തിലും ഗാസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിലും പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യു.കെയിലെ നിരവധി നഗരങ്ങളിൽ ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പ് പ്രതിഷേധ റാലികൾ നടത്തി.

നിരോധിത സംഘടനയെ പിന്തുണച്ചതിന് 41 പേരെ അറസ്റ്റ് ചെയ്തതായി ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. മാഞ്ചസ്റ്റർ, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിനിടെ കൂടുതൽ അറസ്റ്റുകൾ നടന്നതായി ഡി.ഒ.ജെ അറിയിച്ചു.

ഫലസ്തീൻ ആക്ഷൻ അനുകൂലികൾക്കെതിരെ പൊലീസ് നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈ അഞ്ചിന് ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ 83 വയസുള്ള ഒരു ക്രിസ്ത്യൻ പുരോഹിത, മുൻ സർക്കാർ അഭിഭാഷകൻ, എമെറിറ്റസ് പ്രൊഫസർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ ഇരുപത്തിയേഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരും മനുഷ്യാവകാശ ഗ്രൂപ്പുകളും ഫലസ്തീൻ ആക്ടഷൻറെ നിരോധനത്തെ അപലപിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണവും നിയമവാഴ്ചയും ഗുരുതരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

‘ആളുകളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും, അടിച്ചമർത്താനും ഇത്തരം നിയമങ്ങൾ അധികാരികൾക്ക് അധികാരങ്ങൾ നൽകുന്നു,’ ആംനസ്റ്റി ഇന്റർനാഷണൽ യു.കെയുടെ ചീഫ് എക്സിക്യൂട്ടീവ് സച്ച ദേശ്മുഖ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

Content Highlight: UK: More than 80 protesters arrested at Palestine Action protests

We use cookies to give you the best possible experience. Learn more