| Wednesday, 26th August 2026, 10:55 pm

യു.എന്‍.ആര്‍.ഡ.ബ്ല്യു.എ പരിശീലന കേന്ദ്രം പിടിച്ചെടുത്ത ഇസ്രഈല്‍ നടപടിയെ അപലപിച്ച് ബ്രിട്ടിഷ് മന്ത്രി

റെന്വര്‍ പി

ജെറുസലേം: യു.എന്‍ ഏജന്‍സിയായ യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദ നിയര്‍ ഈസ്റ്റിന്റെ (യു.എന്‍.ആര്‍.ഡ.ബ്ല്യു.എ) കിഴക്കന്‍ ജറുസലേമിലുള്ള പരിശീലന കേന്ദ്രം പിടിച്ചെടുത്ത ഇസ്രഈല്‍ നടപടിയെ അപലപിച്ച് ബ്രിട്ടിഷ് മന്ത്രി. ബ്രിട്ടിഷ് വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡൗട്ടിയാണ് ഇസ്രഈല്‍ നടപടിയെ അപലപിച്ചത്.

യു.എന്‍.ആര്‍.ഡ.ബ്ല്യു.എവിന്റെ കിഴക്കന്‍ ജെറുസലേമിലുള്ള ഖലാണ്ടിയ പരിശീലന കേന്ദ്രമാണ് ഇസ്രായേല്‍ പിടിച്ചെടുത്തതത്. ഇത് അതിക്രൂരമായ നടപടിയായാണെന്ന് മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് വിദേശ കാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡൗട്ടി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഈ യു.എന്‍ കേന്ദ്രം തലമുറകളായി പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും അവസരങ്ങളും നല്‍കിയിരുന്നു. ഇസ്രായേല്‍ അതിന്റെ കടമകള്‍ പാലിക്കുകയും ഒരു യു.എന്‍ പരിസരത്തോട് സ്വീകരിക്കേണ്ട നിയമരമായ ഉത്തരവാദിത്തം നിര്‍വഹിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയായിരുന്നു യു.എന്‍.ആര്‍.ഡ.ബ്ല്യു.എ പരിശീലന കേന്ദ്രം ഇസ്രഈല്‍ പിടിച്ചെടുത്തത്. ഇസ്രഈലിലെ തീവ്ര വലതുപക്ഷ മന്ത്രിയായ ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. 2024 ഒരു നിയമ നിര്‍മാണം പ്രകാരം ഇസ്രഈല്‍ അധികൃതര്‍ യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡ.ബ്ല്യു.എയെ നിരോധിച്ചിരുന്നു എന്ന് അവകാശപ്പെട്ടായിരുന്നു പരിശീലന കേന്ദ്രം അവര്‍ പിടിച്ചെടുത്തത്.

പരിശീലന കേന്ദ്രം യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ ഭൂമിയിലല്ല നിര്‍മിച്ചതെന്നും അത് ജൂത ദേശീയ ഫണ്ടിന്റെ സ്ഥലമാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു. അവിടെ ഒരു വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ഇസ്രായേല്‍ അധികൃതര്‍ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ദേശീയ സുരക്ഷാ മന്ത്രിയായ ബെന്‍ഗ്വിറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇസ്രഈല്‍ അതിര്‍ത്തി പൊലീസ് സംഘം ഈ കേന്ദ്രം പിടിച്ചെടുത്തതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ ജെറുലേമിലെ യു.എന്‍ പരിശീലന കേന്ദ്രം പിടിച്ചെടുത്ത ഇസ്രഈല്‍ നടപടിയെ ഫലസ്തീന്‍ പ്രസിഡന്‍സി അപലപിച്ചിരുന്നു. പ്രദേശത്തെ യു.എന്‍ സംവിധാനങ്ങളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: UK minister condemns ‘outrageous’ Israeli seizure of Unrwa training centre

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more