| Thursday, 3rd July 2025, 7:05 am

ഇസ്രഈലിനെതിരെ പ്രതികരിച്ചു; ഫലസ്തീൻ ആക്ഷനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനൊരുങ്ങി യു.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഫലസ്തീൻ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന സംഘടനയായ ഫലസ്തീൻ ആക്ഷനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനൊരുങ്ങി യു.കെ നിയമസഭാംഗങ്ങൾ. ഫലസ്തീൻ ആക്ഷനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിനും നിരോധിക്കുന്നതിനുമായി ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ ഇന്നലെ (ബുധനാഴ്ച) വോട്ട് ചെയ്തു.

എം.പിമാർ അനുകൂലമായി വോട്ട് ചെയ്താൽ, ഉത്തരവ് വ്യാഴാഴ്ച ഹൗസ് ഓഫ് ലോർഡ്‌സിന് മുമ്പാകെ എത്തും. അതോടെ ശനിയാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും.

ഗസയ്‌ക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിന് യു.കെ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ ഒരു സൈനിക താവളത്തിലേക്ക് അതിക്രമിച്ച് കയറി രണ്ട് വിമാനങ്ങളിൽ ചുവന്ന പെയിന്റ് തളിച്ചിരുന്നു. പിന്നാലെയാണ് പാർലമെന്റ് സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനും നിരോധിക്കാനും വോട്ടെടുപ്പ് നടത്തിയത്.

ഈ നീക്കം നടപ്പിലായാൽ , ഫലസ്തീൻ ആക്ഷനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും, ഗ്രൂപ്പിൽ അംഗത്വം നേടുന്നതും ഗ്രൂപ്പിന് പിന്തുണ നൽകുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുകയും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.

ഫലസ്തീൻ ആക്ഷൻ, മാനിയാക് മർഡർ കൾട്ട് (എം.എം.സി), റഷ്യൻ ഇംപീരിയൽ മൂവ്‌മെന്റ് (ആർ.ഐ.എം) എന്നീ ഗ്രൂപ്പുകളും നിരോധിക്കാൻ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പാർലമെന്റിനോട് ആവശ്യപ്പെട്ടു. ജൂൺ 23 ന് ഈ അഭ്യർത്ഥന പാർലമെന്റിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു.

‘വ്യക്തമായ തെളിവുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പുംനിരോധിക്കാൻ തീരുമാനിക്കുകയാണ്. ഇവ ദേശീയ സുരക്ഷക്ക് ഭീഷണിയാണ്,’ കൂപ്പർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ പോലുള്ള ഗ്രൂപ്പുകൾക്കൊപ്പം ഒരു ഡയറക്ട് ആക്ഷൻ ഗ്രൂപ്പ് ബ്രിട്ടനിൽ നിരോധനം നേരിടുന്നത് ഇതാദ്യമായിരിക്കും. അൽ-ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സായുധ ഗ്രൂപ്പുകളുമായി ഫലസ്തീൻ ആക്ഷനെ തുലനം ചെയ്യുന്നതും ഗ്രൂപ്പ് നിരോധിക്കുന്നതും വിമർശിച്ച് നിരവധിപേർ രംഗത്തെത്തി.

‘നമുക്ക് വ്യക്തമായി പറയാം, ഒരു സ്പ്രേ ക്യാൻ പെയിന്റിനെ ഒരു ചാവേർ ബോംബുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്. മാത്രമല്ല അത് വിചിത്രവുമാണ്. വിയോജിപ്പിനെ ഇല്ലാതാക്കാനും ഐക്യദാർഢ്യത്തെ കുറ്റകരമാക്കാനും സത്യത്തെ അടിച്ചമർത്താനും നിയമത്തെ മനപൂർവ്വം വളച്ചൊടിക്കുന്നതാണ് ഇവിടെ നടക്കുന്നത്,’ ഭരണകക്ഷിയായ ലേബർ പാർട്ടി അംഗവും നിയമസഭാംഗവുമായ സാറാ സുൽത്താന പറഞ്ഞു.

Content Highlight: UK lawmakers vote to ban Palestine Action as ‘terrorist’ group

We use cookies to give you the best possible experience. Learn more